സഹപാഠിക്കൊരു 'സ്‌നേഹക്കൂട്'

Posted By : knradmin On 14th January 2015


 

 
ഏറ്റുകുടുക്ക (കണ്ണൂര്‍): സഹപാഠികളും നാട്ടുകാരുമൊരുക്കിയ 'സ്‌നേഹക്കൂട്' ഇനി ലിജിന്‍ രാജിനും അമ്മയ്ക്കും സഹോദരങ്ങള്‍ക്കും സ്വന്തം. ഏറ്റുകുടുക്ക എ.യു.പി.സ്‌കൂള്‍ വിദ്യാര്‍ഥിയായ ലിജിന്‍രാജിനായി സ്‌കൂളിലെ മാതൃഭൂമി സീഡ് ക്‌ളബ്ബും ഡി.വൈ.എഫ്‌.െഎ. ആലപ്പടമ്പ് പടിഞ്ഞാറന്‍ മേഖലാ കമ്മിറ്റിയും ചേര്‍ന്ന് നിര്‍മിച്ച വിടിന്റെ താക്കോല്‍ കൈമാറ്റം ഡി.വൈ.എഫ്.ഐ. അഖിലേന്ത്യാ പ്രസിഡന്റ് എം.ബി.രാജേഷ് എം.പി. നിര്‍വഹിച്ചു. തിങ്കളാഴ്ച ഏറ്റുകുടുക്ക പള്ളിമുക്ക് കോളനിയില്‍ നടന്ന ചടങ്ങില്‍ ടി.വി.രാജേഷ് എം.എല്‍.എ. അധ്യക്ഷത വഹിച്ചു. മുറ്റത്തെ സ്‌നേഹത്തറകളില്‍ അഡ്വ. പി.സന്തോഷും മാതൃഭൂമി യൂണിറ്റ് മാനേജര്‍ ജോബി പി.പൗലോസും ആര്യവേപ്പും അശോകവും നട്ടു. വീട്ടുകാര്‍ക്ക് ജീവിതമാര്‍ഗമായ കറവപ്പശുവിനെ മാതൃഭൂമി ന്യൂസ് എഡിറ്റര്‍ കെ.വിനോദ് ചന്ദ്രന്‍ കൈമാറി. 
സ്‌കൂളിനു ലഭിച്ച ശ്രേഷ്ഠഹരിത വിദ്യാലയ പുരസ്‌കാരത്തുക കൊണ്ടാണ് പശുവിനെ വാങ്ങിയത്. വീട്ടിലെ ഗ്രന്ഥാലയത്തിന്റെ ഉദ്ഘാടനം പയ്യന്നൂര്‍ എ.ഇ.ഒ. ടി.കെ.മാധവന്‍ നമ്പൂതിരി നിര്‍വഹിച്ചു. വീട്ടുകാര്‍ക്കുള്ള ഇന്‍ഷുറന്‍സ് സുരക്ഷാപത്രം പയ്യന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി.ഗൗരി കൈമാറി. വീട്ടിലേക്കുള്ള മണ്‍പാത്രങ്ങള്‍ മാതൃഭൂമി സീഡ് കോ ഓര്‍ഡിനേറ്റര്‍ സി.സുനില്‍കുമാറാണ് കൈമാറിയത്. 
ജൈവമാലിന്യ സംസ്‌കരണസംവിധാനം ഡി.വൈ.എഫ്.ഐ. മുന്‍ സംസ്ഥാന ജോയന്റ് സെക്രട്ടറി സി.സത്യപാലന്‍ ഉദ്ഘാടനം ചെയ്തു. കാങ്കോല്‍ആലപ്പടമ്പ് പഞ്ചായത്ത് പ്രസിഡന്റ് പി.രവീന്ദ്രന്‍, പി.ശശിധരന്‍, കെ.വി.രാധാമണി, കോട്ടമ്പത്ത് നാരായണന്‍, വി.വി.മല്ലിക, ബിനോയ് കുര്യന്‍, ടി.തമ്പാന്‍, എം.വി.സുനില്‍കുമാര്‍, പ്രഥമാധ്യാപിക സി.ശ്രീലത, കെ.സുലോചന, കെ.എം.ബാലകേശവന്‍, എം.കെ.സുകുമാരന്‍, പി.സജികുമാര്‍ എന്നിവര്‍ പങ്കെടുത്തു. സംഘാടകസമിതി ചെയര്‍മാന്‍ വൈക്കത്ത് രതീഷ് സ്വാഗതവും ടി.ജയകുമാര്‍ നന്ദിയും പറഞ്ഞു. സ്‌കൂള്‍ സീഡ് കോ ഓര്‍ഡിനേറ്റര്‍ കെ.രവീന്ദ്രന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സുഭാഷ് അറുകരയും സംഘവും ചടങ്ങില്‍ നാടന്‍കലാവിരുന്നൊരുക്കി. ഏറ്റുകുടുക്ക എ.യു.പി.സ്‌കൂളിലെ വിദ്യാര്‍ഥിയായ ലിജിന്‍ രാജിന്റെ അച്ഛന്റെ അകാലമരണത്തെത്തുടര്‍ന്നാണ് വീടില്ലാത്ത ഈ കുട്ടിക്ക് വീടൊരുക്കാന്‍ സീഡ് അംഗങ്ങള്‍ മുന്നിട്ടിറങ്ങിയത്. 
 
 
 
 

Print this news