വാടാനപ്പള്ളി: കായല്‍ സംരക്ഷണ സന്ദേശവുമായി ചേറ്റുവയിലെത്തിയ കയാക്കിങ് സംഘത്തിന് സീചിന്റെ നേതൃത്വത്തില്‍ ബ്ലൂലേക്ക് ചേറ്റുവ(വഴിയോര വിശ്രമ കേന്ദ്രം)യില്‍സ്വീകരണം നല്‍കി. കനോലിക്കനാല്‍ സംരക്ഷണം സംബന്ധിച്ച സംവാദവും നടന്നു.
വിവിധ തുറകളില്‍പ്പെട്ട നിരവധിപ്പേര്‍ കനോലിക്കനാല്‍ സംരക്ഷണത്തിന്റെ ആവശ്യകതയെക്കുറിച്ച് സംസാരിച്ചു. സ്വീകരണത്തില്‍ പങ്കെടുത്ത എം.എല്‍.എ.മാരായ കെ.വി. അബ്ദുള്‍ ഖാദറും പി.എ. മാധവനും കയാക്കിങ് സംഘത്തെ പ്രശംസിച്ചു.
മലയാളികള്‍ ഭാഗ്യം ചെയ്തവരാണെങ്കിലും പ്രകൃതിയെ മലിനമാക്കുന്നതും നാം തന്നെയാണെന്ന് കെ.വി. അബ്ദുള്‍ഖാദര്‍ പറഞ്ഞു. കനാലുകള്‍ ഉള്‍പ്പെടെയുള്ള പ്രകൃതിയെ സംരക്ഷിക്കാന്‍ നിരവധി നിയമങ്ങളുണ്ട്. എന്നാല്‍ അതൊന്നും ശരിയായി നടപ്പാക്കുന്നില്ല. പ്രകൃതിസംരക്ഷണത്തിന് സാമൂഹിക അവബോധമുണ്ടാക്കാന്‍ കയാക്കിങ് സംഘത്തിന് കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദേശീയ ജലപാത യാഥാര്‍ത്ഥ്യമാക്കുന്ന പ്രവര്‍ത്തനം തുടങ്ങിയ ഘട്ടത്തില്‍ത്തന്നെ കായല്‍ സംരക്ഷണ സന്ദേശവുമായി നടത്തുന്ന യാത്ര പ്രകൃതിസംരക്ഷണം സംബന്ധിച്ച അവബോധമുണ്ടാക്കാന്‍ സഹായിക്കുമെന്ന് പി.എ. മാധവന്‍ എം.എല്‍.എ.പറഞ്ഞു. കനോലിക്കനാല്‍ പലഭാഗത്തും സ്വകാര്യവ്യക്തികള്‍ കൈയേറിയിട്ടുണ്ടെന്ന് എം.എല്‍.എ.മാര്‍ പറഞ്ഞു.
കക്കൂസ്മാലിന്യം വരെ കനോലിക്കനാലിലേക്ക് വീടുകളില്‍നിന്ന് തള്ളുന്നുണ്ടെന്ന് യാത്രാസംഘം സ്വീകരണയോഗത്തില്‍ ചൂണ്ടിക്കാട്ടി. മാലിന്യങ്ങള്‍ കനാലില്‍ കുമിഞ്ഞുകൂടുകയാണ്. കനാലിലേക്ക് മാലിന്യം തള്ളുന്നത് തടയാന്‍ ചേറ്റുവ പാലത്തിന്റെ കരകളില്‍ മാലിന്യനിക്ഷേപത്തിന് സൗകര്യങ്ങള്‍ ഒരുക്കണമെന്ന് നിര്‍ദ്ദേശവും സംഘം മുന്നോട്ടുവെച്ചു.
സംവാദത്തില്‍ പങ്കെടുത്തവരും കായല്‍ സംരക്ഷണത്തിന്റെ ആവശ്യകതയിലേക്ക് വിരല്‍ ചൂണ്ടി. കനാലില്‍ വലയിട്ടാല്‍ അറവുമാലിന്യങ്ങള്‍ കിട്ടുന്നത് സംവാദത്തില്‍ പങ്കെടുത്ത മത്സ്യത്തൊഴിലാളി വിശദീകരിച്ചു.
ഡല്‍ഹി സ്വദേശി രക്ഷിത് സിംഗാള്‍, മലയാളികളായ കൗഷിക് കോടിത്തോടിക, ഡാനി ജോര്‍ഗോണ്‍, മുരുഗന്‍ കൃഷ്ണന്‍, എം.എല്‍. ആദര്‍ശ്, ഡോ. രാജ്കൃഷ്ണന്‍ ചന്ദ്രശേഖരന്‍, ജിബിന്‍ തോമസ്, പ്രസാദ് കടങ്കോട് എന്നിവരാണ് കയാക്കിങ് സംഘത്തിലുള്ളത്. വിപിന്‍ രവീന്ദ്രനാഥാണ് സംഘത്തെ നയിക്കുന്നത്.
സംവാദത്തില്‍ എം.എ. റഹ്മാന്‍ സേട്ട്, ബ്ലൂലേക്ക് എംഡി കെ. രാമചന്ദ്രന്‍, ഇര്‍ഷാദ് കെ. ചേറ്റുവ, എം.സി. നരേന്ദ്രന്‍, കെ.ആര്‍. സാംബശിവന്‍, പി.എ. ബാബു, സുജിത്ത് എന്നിവര്‍ പങ്കെടുത്തു.
മണത്തലയില്‍ ഡോ. മധുസൂദനന്റെ ഉടമസ്ഥതയിലുള്ള ശ്രീചിത്ര ആയുര്‍ഹോമിലാണ് സംഘം രാത്രി തങ്ങിയത്.
പ്രകൃതിസംരക്ഷണത്തിന്റെ ഭാഗമായി വഴിയോര വിശ്രമകേന്ദ്രത്തിലും സുചിത്ര ആയുര്‍ഹോമിലും കയാക്കിങ് സംഘം കണ്ടല്‍ച്ചെടികള്‍ നട്ടു.