ചൊക്‌ളി: കരിയാട് ഗ്രാമപ്പഞ്ചായത്തിലെ 1000 വീടുകളല്‍ പച്ചക്കറിത്തോട്ടം നിര്‍മിച്ച് ചൊക്‌ളി രാമവിലാസം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍. 'ജൈവകൃഷി ജീവരക്ഷയ്ക്ക്' എന്ന സന്ദേശവുമായി കരിയാട് നമ്പ്യാര്‍സ് യു.പി.യില്‍ നടന്ന എന്‍.എസ്.എസ്. ക്യാമ്പിന്റെ ഭാഗമായാണ് വീടുകളില്‍ പച്ചക്കറിത്തോട്ടം നിര്‍മിച്ചത്.
മാതൃഭൂമി സീഡ് 500 പാക്കറ്റ് വിത്തും കൃഷി വകുപ്പ് 500 പാക്കറ്റ് വിത്തും നല്‍കി. അഞ്ചുദിവസം കൊണ്ട് രണ്ടുപേരടങ്ങുന്ന 25 ഗ്രൂപ്പുകളാണ് പ്രവര്‍ത്തനം നടത്തിയത്. രാവിലെ എട്ടുമുതല്‍ ഉച്ചവരെ വൊളന്റിയര്‍മാരെ സഹായിക്കാന്‍ കുടുംബശ്രീ പ്രവര്‍ത്തകരും എത്തി. ഉച്ചയ്ക്കുശേഷം കൃഷിപാഠം ക്ലാസ്, കുടുംബശ്രീ പ്രവര്‍ത്തകരുമായി അഭിമുഖം, ജൈവകൃഷിയും കന്നുകാലി സംരക്ഷണവും ക്ലാസ്, കൃഷിസംഗമം, പഴയ കൃഷിക്കാരുമായി അഭിമുഖം, മാറുന്ന ഭക്ഷണരീതിയും ഭക്ഷണത്തിലെ വിഷാംശവും ക്ലാസ്, ഔഷധസസ്യങ്ങളെ പരിചയപ്പെടല്‍ എന്നിവയുണ്ടായി.
1000 പച്ചക്കറിത്തോട്ടം പദ്ധതി മന്ത്രി കെ.പി.മോഹനന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എം.ടി.കെ.സുലൈഖ അധ്യക്ഷയായിരുന്നു. പ്രവര്‍ത്തനങ്ങള്‍ക്ക് പ്രിന്‍സിപ്പല്‍ കെ.വിനോദന്‍, പ്രോഗ്രാം ഓഫീസര്‍ കെ.ചന്ദ്രന്‍, ക്യാമ്പ് ഡയറക്ടര്‍ കെ.പ്രദീപ്കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി