മാവുങ്കാല്‍: മാതൃഭൂമി 'സീഡ്' വിദ്യാര്‍ഥികളും കൃഷിഭവനും കൈകോര്‍ത്തപ്പോള്‍ കുട്ടികളുടെ ഉച്ചയൂണ് വിഭവസമൃദ്ധമായി.
ആനന്ദാശ്രമം രാംനഗര്‍ സ്വാമി രാംദാസ് മെമ്മോറിയല്‍ ഗവ. എച്ച്.എസ്.എസ്സിലെ സീഡ് ക്ലബ് അംഗങ്ങളാണ് അധ്യാപകരുടെയും രക്ഷിതാക്കളുടെയും കൃഷിഭവന്റെയും സഹകരണത്തോടെ സ്‌കൂള്‍മുറ്റത്ത് പച്ചക്കറിത്തോട്ടമൊരുക്കിയത്.
തോട്ടത്തില്‍ ആദ്യവിളവെടുപ്പ് നടന്നതോടെ ഉച്ചയൂണ് വിഭവസമൃദ്ധമായി. ജൈവരീതിയില്‍ വിളയിച്ച പച്ചക്കറികള്‍കൊണ്ടാണ് ഇപ്പോള്‍ സ്‌കൂളിലെ ഉച്ചയൂണിന് സാമ്പാറും മറ്റ് കറികളും ഒരുക്കുന്നത്. നരമ്പന്‍, വെണ്ട, ചീര, പയര്‍ എന്നിവയാണ് വിദ്യാര്‍ഥികള്‍ നട്ടുവളര്‍ത്തിയത്. ഒന്നിടവിട്ട ദിവസങ്ങളിലാണ് വിളവെടുപ്പ്. പറിച്ചെടുത്ത പച്ചക്കറികള്‍ കൈയോടെ പാചകപ്പുരയിലെത്തിക്കും.
സ്‌കൂള്‍ മൈതാനത്തിന്റെ അരികുചേര്‍ന്നാണ് കൃഷിയൊരുക്കിയത്. കപ്പ വിളവെടുപ്പിന് ഇനിയും രണ്ടുമാസം കാത്തിരിക്കേണ്ടിവരും. വരുംവര്‍ഷങ്ങളില്‍ കൂടുതല്‍ സ്ഥലത്ത് കൃഷിെയാരുക്കാനാണ് കുട്ടികളുടെ തീരുമാനം. വിദ്യാര്‍ഥികള്‍ക്കൊപ്പം സഹായികളായി സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീധരന്‍, പ്രഥമാധ്യാപകന്‍ കെ.കരുണാകരന്‍, സീഡ് കണ്‍വീനര്‍ കെ.വേണുഗോപാലന്‍, സീഡ് ക്ലബ് പ്രസിഡന്റ് കെ.വി.ആരതി, അജാനൂര്‍ കൃഷിഭവന്‍ ഉദ്യോഗസ്ഥര്‍ എന്നിവരുമുണ്ട്.