മൂന്നാം ദിനവും കറിവേപ്പിലയെത്തി; മാതൃഭൂമി സീഡിന് നന്ദിയറിയിച്ച് പാചകക്കാര്‍

Posted By : ksdadmin On 10th January 2015


 

 
 
കാടങ്കോട്: സീഡ് ഭക്ഷണപ്പുരയിലെത്തിച്ച കറിവേപ്പില ചേര്‍ത്തപ്പോള്‍ കറികള്‍ക്ക് തനതായ ഗുണവും മണവും സ്വാദും കിട്ടിയെന്ന് പാചകവിദഗ്ധന്‍ മാധവന്‍ നമ്പൂതിരി.
 രാസവളവും കീടനാശിനിയും ഉപയോഗിച്ച് ഉണ്ടാക്കിയ കറിവേപ്പിലയ്ക്ക് തടിപ്പ് കൂടുതലായതിനാല്‍ കറിയില്‍ വേറിട്ട് കാണാം.ഭക്ഷണം കഴിക്കുന്നവര്‍ അത് മാറ്റിയിടുകയാണ് പതിവ്. 
സീഡ് പ്രവര്‍ത്തകര്‍ എത്തിച്ച വിഷമില്ലാത്ത നാടന്‍ കറിവേപ്പില ശരിക്കും രുചിക്കൂട്ടായി മാറിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 
വിഷമുക്ത പച്ചക്കറി ഉത്പാദിപ്പിക്കുന്നതിന് സന്ദേശം നല്‍കുന്ന പ്രവര്‍ത്തനം ഏറ്റെടുത്ത മാതൃഭൂമി സീഡ് മാതൃകയാണെന്നും വരും കലോത്സവങ്ങളില്‍ വിഷമുക്ത പച്ചക്കറി ശേഖരിച്ചെത്തിക്കാനുള്ള ശ്രമം ഉണ്ടാകണമെന്നും ഭക്ഷണക്കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷബാനത്ത് ഹുസൈന്‍, കണ്‍വീനര്‍ ടി.വി.ഭാസ്‌കരന്‍ എന്നിവര്‍ പറഞ്ഞു.
തച്ചങ്ങാട്ട് ഗവ. ഹൈസ്‌കൂള്‍ സീഡ് കോ ഓര്‍ഡിനേറ്റര്‍ കെ.രാജശ്രീ, അധ്യാപകന്‍ അശോക്കുമാര്‍, പൃഥ്യാലക്ഷ്മി, ശ്രീഷ്മ, സച്ചിന്‍, ചെമ്പരിക്ക ഗവ. യു.പി.സ്‌കൂള്‍ സീഡ് കോ ഓര്‍ഡിനേറ്റര്‍ ജയശ്രീ പുറത്തെവളപ്പില്‍ എന്നിവരുടെ നേതൃത്വത്തില്‍ സ്റ്റേജ്മല്‍സരം നടന്ന മൂന്നാം ദിവസവും വിഷമില്ലാത്ത കറിവേപ്പിലയും വാഴയിലകളും ഭക്ഷണപ്പുരയിലെത്തിച്ചു. 
ഭക്ഷണക്കമ്മിറ്റി ഭാരവാഹികള്‍ ഏറ്റുവാങ്ങി. 
കഴിഞ്ഞദിവസം പിലിക്കോട് ഗവ. ഹയര്‍ സെക്കന്‍ഡറി, കൂട്ടക്കനി ഗവ. യു.പി. എന്നീ സ്‌കൂളുകളില്‍ നിന്നും കറിവേപ്പിലയും വാഴയിലയും എത്തിച്ചിരുന്നു
 
 
 
 
 
 
 
 
 
 

Print this news