കാടങ്കോട്: ഭക്ഷണത്തിലെ വിഷാംശം വലിച്ചെടുക്കുന്ന കറിവേപ്പിലയെങ്കിലും വിഷമില്ലാത്തതാവണ്ടേ.. അങ്ങനെ വേണമെന്ന് തീരുമാനമെടുത്തത് മാതൃഭൂമി സീഡ് പ്രവര്‍ത്തകരാണ്.
അവര്‍ വിഷമില്ലാത്ത കറിവേപ്പിലകളുമായി ജില്ലാ സ്‌കൂള്‍ കലോത്സവത്തിലെ ഊട്ടുപുരയിലെത്തി.
നാലു ദിവസത്തേക്ക് ആവശ്യമായ കറിവേപ്പില സീഡ് അംഗങ്ങളെത്തിക്കും.
സമൂഹനന്മ കുട്ടികളിലൂടെയെന്ന സന്ദേശവുമായി ആറാം വര്‍ഷത്തിലേക്ക് കടന്ന മാതൃഭൂമി സീഡ് പ്രവര്‍ത്തനത്തിലൂന്നിയാണ് കുട്ടികള്‍ വിദ്യാലയങ്ങളില്‍ കറിവേപ്പില നട്ടുവളര്‍ത്തിയത്.
കുട്ടികള്‍ കറിവേപ്പില നടുന്നത് വീടുകളിലേക്കും വ്യാപിപ്പിച്ചു.
വിദ്യാലയങ്ങളില്‍നിന്നും വീടുകളില്‍നിന്നും ശേഖരിച്ച കറിവേപ്പിലയാണ് അധ്യാപകരും കുട്ടികളും കലോത്സവത്തിന്റെ ഊട്ടുപുരയിലെത്തിച്ചത്. പ്രഥമാധ്യാപകരുടെയും പ്രിന്‍സിപ്പല്‍മാരുടെയും സാന്നിധ്യത്തില്‍ വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ സി.രാഘവന് കൈമാറിയ കറിവേപ്പില, അദ്ദേഹത്തില്‍നിന്ന് ഭക്ഷണക്കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷബാനത്ത് ഹുസൈന്‍, കണ്‍വീനര്‍ ടി.വി.ഭാസ്‌കരന്‍ എന്നിവര്‍ ഏറ്റുവാങ്ങി.
അടുക്കളയില്‍ ഭക്ഷണമൊരുക്കാന്‍ വിഷമയമായ പച്ചക്കറിക്ക് അന്യസംസ്ഥാനങ്ങളെ ആശ്രയിക്കുന്ന കേരളീയരില്‍ പുതിയയൊരു സംസ്‌കാരം വളര്‍ത്തിയെടുക്കാന്‍ നേതൃത്വം നല്കുന്ന മാതൃഭൂമി സീഡിന്റെ പ്രവര്‍ത്തനം മാതൃകാപരമാണെന്ന് ഡി.ഡി.ഇ. സി.രാഘവന്‍ പറഞ്ഞു.
സൗത്ത് തൃക്കരിപ്പൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സീഡ് കോ ഓര്‍ഡിനേറ്റര്‍ കെ.പി.സി.അബ്ദുല്‍ഖാദര്‍, കൊടക്കാട് കേളപ്പജി മെമ്മോറിയല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എം.വിശ്വനാഥന്‍, സീഡ് കോ ഓര്‍ഡിനേറ്റര്‍ ഒ.യം.അജിത്, അംഗംങ്ങളായ പി.പി.നിതിന്‍ കൃഷ്ണന്‍, ആഷിഖ് ജി. നാഥ് എന്നിവരാണ് കറിവേപ്പിലയും വാഴയിലയും ആദ്യദിവസമെത്തിച്ചത്.
വി.എച്ച്.എസ്.ഇ. എ.ഡി. ശെല്‍വമണി, ഹയര്‍ സെക്കന്‍ഡറി ജില്ലാ കോ ഓര്‍ഡിനേറ്റര്‍ കെ.ഡി.മാത്യു, കാഞ്ഞങ്ങാട് ഡി.ഇ.ഒ. സൗമിനി കല്ലത്ത്, കാസര്‍കോട് ഡി.ഇ.ഒ. സദാശിവ നായ്ക് എന്നിവര്‍ സംബന്ധിച്ചു.