മുള്ളേരിയ: പരിസ്ഥിതി, തീരസംരക്ഷണ പഠനത്തിന്റെ ഭാഗമായി പയസ്വിനി പുഴയോരത്ത് സീഡ് അംഗങ്ങള്‍ ക്യാമ്പ് നടത്തി. മുള്ളേരിയ സ്‌കൂള്‍ സീഡ് അംഗങ്ങളാണ് അത്തനാടി പുഴയോരത്ത് ഒരുപകല്‍ ഒത്തുകൂടിയത്. പരിസ്ഥിതി പ്രവര്‍ത്തകന്‍ ഭാസ്‌കരന്‍ വെള്ളൂരിന്റെ നേതൃത്വത്തില്‍ നടന്ന ക്യാമ്പിന്റെ ഭാഗമായി പുഴയോരത്തുള്ള വിവിധയിനം ചെടികളെയും ജിവികളെയും കണ്ട് മനസ്സിലാക്കി. പുഴയോരം കൈയേറിയും മരങ്ങള്‍ വെട്ടിയും തീരം നശിപ്പിച്ചാല്‍ ഉണ്ടാകുന്ന ഭവിഷ്യത്തിനെക്കുറിച്ച് നാട്ടുകാരെ പറഞ്ഞു മനസ്സിലാക്കി. മറ്റുള്ള പുഴകളെ അപേക്ഷിച്ച് പയസ്വിനിയുടെ തീരം ഇന്നും സംരംക്ഷിതമാണ്. വന്‍തോതില്‍ മണല്‍വാരുന്നതും വിഷംകലര്‍ത്തി മീന്‍പിടിക്കുന്നതും പുഴയെ നശിപ്പിക്കും. വെള്ളം കുറയുന്നതോടെ വൈദ്യുതി കടത്തിവിട്ടും വെടിമരുന്ന് ഉപയോഗിച്ചും മീന്‍പിടിക്കുന്നത് ഒഴിവാക്കണം. കുണ്ടാര്‍, ആദൂര്‍, പാണ്ടി മേഖലയില്‍ ആവശ്യത്തിലധികം വെള്ളം കൃഷിക്കായി പമ്പ് ചെയ്യുന്നത് ഒഴിവാക്കണമെന്നും കര്‍ഷകരോട് ആവശ്യപ്പെട്ടു. പലയിടത്തും മുഴുവന്‍ സമയവും വൈദ്യുതമോട്ടോര്‍ ഉപയോഗിച്ച് പുഴയില്‍നിന്ന് വെള്ളമെടുക്കുകയാണ്.
ജലനഷ്ടത്തോടപ്പം ഊര്‍ജനഷ്ടവും കര്‍ഷകരെ ബോധ്യപ്പെടുത്തി. സീഡ് എന്‍.എസ്.എസ്. അംഗങ്ങളോടപ്പം പാണ്ടി, മഞ്ഞംപാറ മേഖലയിലെ കൃഷിക്കാരും പുഴയോരവാസികളും ക്യാമ്പില്‍ പങ്കെടുത്തു. പയസ്വനി പുഴസംരക്ഷണ പ്രതിജ്ഞ എടുത്താണ് ക്യാമ്പ് സമാപിച്ചത്. സീഡ് കോഓര്‍ഡിനേറ്റര്‍ ഷാഹുല്‍ ഹമീദ്, പ്രിന്‍സിപ്പല്‍. പി.നാരായണന്‍, പി.ടി.എ. പ്രസിഡന്റ് കെ.വി.ജനഗന്നാഥന്‍ എന്നിവര്‍ സംസാരിച്ചു.