കായല്‍ സംരക്ഷണ സന്ദേശവുമായെത്തിയ കയാക്കിങ് സംഘത്തിന് സ്വീകരണം.

Posted By : tcradmin On 10th January 2015


കാട്ടൂര്‍: കായല്‍ സംരക്ഷണ സന്ദേശവുമായി കാട്ടൂരിലെത്തിയ കയാക്കിങ് സംഘത്തിന് കാട്ടൂര്‍ പോംപൈ സെന്റ് മേരീസ് സ്‌കൂളിലെ സീഡിന്റെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. 2ന് കൊല്ലത്തുനിന്നും ആരംഭിച്ച 10 അംഗ സംഘം 201 കിലോ മീറ്റര്‍ പിന്നിട്ടശേഷമാണ് കാട്ടൂരിലെത്തിച്ചേര്‍ന്നത്. 340 കിലോമീറ്റര്‍ പിന്നിടുന്ന സംഘത്തിന്റെ യാത്ര 14ന് കോഴിക്കോട് സമാപിക്കും. കഴിഞ്ഞ വര്‍ഷം മൂന്നുപേര്‍ മാത്രമായിരുന്നു സംഘത്തിലുണ്ടായിരുന്നെങ്കില്‍ ഇക്കുറി അത് പത്തായി. രണ്ടുവര്‍ഷും മാതൃഭൂമി സീഡ് പദ്ധതിയുമായി സഹകരിച്ചാണ് യാത്ര ഒരുക്കിയിരിക്കുന്നത്. ജലകായിക വിനോദങ്ങളിലേയ്ക്ക് കുട്ടികളെ ആകര്‍ഷികുകയെന്നതാണ് ലക്ഷ്യം. വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് രണ്ടരയോടെയാണ് സംഘം പോംപൈ സ്‌കൂളിലെത്തിച്ചേര്‍ന്നത്. സ്‌കൂളില്‍ നടന്ന സ്വീകരണയോഗത്തില്‍ ജലഗതാഗതത്തിന്റെ സാധ്യതകളെ കുറിച്ചും, കായല്‍ സംരക്ഷണത്തെ കുറിച്ചും സംഘാംഗങ്ങള്‍ കുട്ടികളെ ബോധവാന്മാരാക്കി. കഥപറഞ്ഞും, കളിപറഞ്ഞും കൂട്ടുകൂടിയും ഒരു മണിക്കൂറിലേറെ സമയം സംഘം കുട്ടികളുമായി ചിലവഴിച്ചു. കഴിഞ്ഞ 8 ദിവസങ്ങളിലായി നടത്തുന്ന യാത്രയില്‍ പ്ലാസ്റ്റിക്കോ, മറ്റ് യാതൊരു തരത്തിലുമുള്ള മാലിന്യങ്ങളും കാണാത്ത സുന്ദരമായ പത്ത് കിലോമിറ്ററുകളാണ് തങ്ങള്‍ കാട്ടൂരിലെത്തുന്നതിനുമുമ്പായി പിന്നിട്ടതെന്നും ഇത് ഇത്തരത്തില്‍ തന്നെ സൂക്ഷിക്കാന്‍ കുട്ടികള്‍ക്ക് കഴിയട്ടെയെന്നും സംഘം ആശംസിച്ചു.  ബാംഗ്ലൂരിലും വിദേശത്തും ജോലി ചെയ്യുന്ന പ്രകൃതിസ്‌നേഹികളായ പ്രൊഫഷണലുകളാണ് സംഘത്തിലുള്ളത്. ഡല്‍ഹി സ്വദേശിയായ രക്ഷിത് സിംഗാള്‍ ഒഴികെ മറ്റ് ഒമ്പത് പേരും മലയാളികളാണ്. വിപിന്‍ രവീന്ദ്രനാഥും, മുരുകന്‍ കൃഷ്ണനുമാണ് സംഘനേതാക്കള്‍. മുരുകന്റെ മകന്‍ ഇരുപത്തിയൊന്ന് വയസ്സുള്ള ആദര്‍ശാണ് സംഘത്തിലെ ഏറ്റവും പ്രായംകുറഞ്ഞ വ്യക്തി. കൗഷിക് കോടിത്തോടിക, ഡാനി ജോര്‍ഗോണ്‍, ഡോ. രാജ്കൃഷ്ണന്‍ ചന്ദ്രശേഖരന്‍, ജിബിന്‍ തോമസ്, പ്രസാദ് കടാങ്കോട്, മാത്യു വര്‍ഗ്ഗീസ് എന്നിവരാണ് സംഘത്തിലെ മറ്റംഗംങ്ങള്‍. സ്‌കൂള്‍ ഹാളില്‍ നടന്ന സ്വീകരണയോഗത്തില്‍ പ്രധാന അധ്യാപകന്‍ വി.കെ സജീവന്‍ അദ്ധ്യക്ഷത വഹിച്ചു. കാട്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീരേഖ ഷാജി മുഖ്യപ്രഭാഷണം നടത്തി. ശുചിത്വ മിഷന്‍ ജില്ലാ കോ-ഓഡിനേറ്റര്‍ ഫ്രാന്‍സിസ് ചക്കനാട്ട്, മാതൃഭൂമി യൂണിറ്റ് മാനേജര്‍ ജി. ചന്ദ്രന്‍, പരസ്യവിഭാഗം മാനേജര്‍ ഹരി, സീഡ് ജില്ലാ കോ-ഓഡിനേറ്റര്‍ ടോണി, സീഡ് സ്‌കൂള്‍ കോ-ഓഡിനേറ്റര്‍ വിക്രമന്‍ പുരയാറ്റ് തുടങ്ങിയവര്‍ സംസാരിച്ചു. ശനിയാഴ്ച ഉച്ചതിരിഞ്ഞ് 3ന് ചേറ്റുവ വഴിയോരം വിശ്രമകേന്ദ്രത്തിലും സംഘത്തിന് സീഡിന്റെ നേതൃത്വത്തില്‍ സ്വീകരണം നല്‍കും.

 

Print this news