തോട്ടപ്പള്ളി തീരത്ത് കയാക്കിങ് അംഗങ്ങളും ജനപ്രതിനിധികളും ചേര്‍ന്ന് വൃക്ഷത്തൈ നടുന്നു
തോട്ടപ്പള്ളി: കടലും കായലും സംഗമിക്കുന്ന തോട്ടപ്പള്ളി പൊഴിമുഖത്തിന് സമീപം കയാക്കിങ്2015ന്റെ ഓര്‍മ്മകളുമായി ആ മരങ്ങള്‍ വളരും. പരിസ്ഥിതിസൗഹൃദ സന്ദേശമുണര്‍ത്തുന്ന കയാക്കിങ് യാത്രയെ മാലയണിയിച്ചും വൃക്ഷത്തൈകള്‍ നല്‍കിയുമാണ് തോട്ടപ്പള്ളിയില്‍ വരവേറ്റത്. കയാക്കിങ് അംഗങ്ങള്‍ വൃക്ഷത്തൈകള്‍ തീരത്ത് നട്ടു. പ്രദേശത്തെ മാലിന്യവിമുക്ത പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കംകുറിച്ചാണ് സംഘം മടങ്ങിയത്.
കൊല്ലം മുതല്‍ കോഴിക്കോട് വരെയുള്ള ദേശീയ ജലപാതയുടെ പുനഃസ്ഥാപനം, കായല്‍ സംരക്ഷണത്തെക്കുറിച്ചുള്ള സമൂഹബോധവത്കരണം, പ്രാദേശിക പരിസ്ഥിതിപ്രശ്‌നങ്ങളില്‍ ഇടപെടല്‍, വിദ്യാര്‍ത്ഥികള്‍ക്ക് ജലകായിക ഇനങ്ങളെ പരിചയപ്പെടുത്തല്‍ തുടങ്ങിയ ഉദ്ദേശ്യത്തോടെ ആരംഭിച്ച യാത്ര ഞായറാഴ്ച ഉച്ചകഴിഞ്ഞാണ് തോട്ടപ്പള്ളിയില്‍ എത്തിയത്. മാതൃഭൂമി സീഡിന്റെ സഹകരണത്തോടെ പ്രാദേശിക പരിസ്ഥിതിസൗഹൃദ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകാനും യാത്ര ലക്ഷ്യമിടുന്നു.
ഗ്രീന്‍ റൂട്ട്‌സ് നേച്ചര്‍ കണ്‍സര്‍വ്വേഷന്‍ ഫോറം പ്രവര്‍ത്തകരാണ് തോട്ടപ്പള്ളിയിലെ സ്വീകരണത്തിന് നേതൃത്വം നല്‍കിയത്.
ജെ.സി.ഐ. ആലപ്പുഴയുടെ പ്രവര്‍ത്തകരാണ് വൃക്ഷത്തൈകളുമായെത്തി ചടങ്ങിനെ ധന്യമാക്കിയത്. കയാക്കിങ് ടീമംഗങ്ങള്‍, നാട്ടുകാര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവരുമായി അനുഭവങ്ങള്‍ പങ്കുവെച്ചു. വിനോദസഞ്ചാര സാധ്യതയേറിയ തോട്ടപ്പള്ളി തീരത്തിന്റെ പരിസ്ഥിതിസംരക്ഷണത്തിന് സഹായവാഗ്ദാനങ്ങളും നല്‍കി.
അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി. സാബു, ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. ദീപു, പുറക്കാട് ഗ്രാമപ്പഞ്ചായത്ത് മുന്‍ പ്രസിഡന്റ് എം.എച്ച്.
വിജയന്‍, ഗ്രാമപ്പഞ്ചായത്ത് അംഗങ്ങളായ പ്രസന്ന കുഞ്ഞുമോന്‍, ആര്‍. സുനി, ജെ.സി.ഐ. ആലപ്പുഴ ഭാരവാഹികളായ ഫിലിപ്പ് ചക്കാത്തറ, ജേക്കബ് ജോണ്‍, ടോണി ദേവസ്യ, ജോണ്‍ ജോസഫ്, നിതിന്‍, അനുഷാ ടോണി, ശുചിത്വമിഷന്‍ ജില്ലാ അസിസ്റ്റന്റ് കോഓര്‍ഡിനേറ്റര്‍ കെ.ആര്‍. ആശ, മാതൃഭൂമി സീഡ് സ്‌കൂള്‍ കോഓര്‍ഡിനേറ്റര്‍മാരായ എസ്. സുരേഷ്‌കുമാര്‍, വി. പ്രശോഭ് കുമാര്‍, ഗ്രീന്‍ റൂട്ട്‌സ് പ്രവര്‍ത്തകരായ സജി ചിത്രാലയം, എം.ആര്‍. ഓമനക്കുട്ടന്‍, റഷീദ്‌കോയ, സിനു എസ്. കുമാര്‍, സുജേഷ്, ഐ.ആര്‍.ഇ. മാനേജര്‍ ബിമല്‍ജോഷി, മാതൃഭൂമി സീഡ് എക്‌സിക്യൂട്ടീവ് അമൃതാ സെബാസ്റ്റ്യന്‍, തോട്ടപ്പള്ളി റസിഡന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ജി. ജിഹേഷ്, മധുകുമാര്‍, ബിനു തുടങ്ങിയവര്‍ സ്വീകരണച്ചടങ്ങില്‍ സംബന്ധിച്ചു.
കയാക്കിങ്ങിന്റെ അംഗങ്ങളായ ഗോപു കേശവ്, മുരുകന്‍ കൃഷ്ണന്‍, മാത്യു വര്‍ഗീസ്, വിപിന്‍ രവീന്ദ്രനാഥ്, പ്രസാദ് കാട്ടംകോട്, ആദര്‍ശ് മുരുകന്‍, രക്ഷിത് സിംഗല്‍, ജിബിന്‍ തോമസ്, ഡാനി ഗോര്‍ഗന്‍, ഡോ. രാജ്കൃഷ്ണന്‍ ചന്ദ്രശേഖരന്‍ എന്നിവര്‍ പരിസരശുചീകരണത്തിലും പങ്കാളികളായി.
കൊല്ലംകൊച്ചികോട്ടപ്പുറംകോഴിക്കോട് ദേശീയ ജലപാതയില്‍ 300 കിലോമീറ്ററോളം ദൂരം 13 ദിവസംകൊണ്ട് എത്താനാണ് കയാക്കിങ് യാത്ര 2015 ലക്ഷ്യമിടുന്നത്. തിങ്കളാഴ്ച കുമരകത്താണ് സ്വീകരണം.