കയാക്കിങ് 2015 ന് അരൂക്കുറ്റിയില്‍ സ്‌കൂള്‍ കുട്ടികളുടെ സ്‌നേഹോഷ്മള വരവേല്‍പ്പ്

Posted By : Seed SPOC, Alappuzha On 8th January 2015



കയാക്കിങ് യാത്ര 2015 ന് അരൂക്കുറ്റി മറ്റത്തില്‍ഭാഗം ഗവ. എല്‍.പി. സ്‌കൂളില്‍ വരവേല്‍പ്പ് നല്കിയപ്പോള്‍

അരൂക്കുറ്റി: ജില്ലയുടെ വടക്കെ അതിര്‍ത്തിയായ അരൂക്കുറ്റിയില്‍ കയാക്കിങ് 2015 ന് അരൂക്കുറ്റി എല്‍.പി. സ്‌കൂളിലെ കുട്ടികള്‍ ചേര്‍ന്ന് സ്‌നേഹോഷ്മളമായ സ്വീകരണം നല്‍കി. ചെണ്ടമേളത്തിന്റെ അകമ്പടിയോടെ നടന്ന ചടങ്ങില്‍ കുട്ടികള്‍ മുല്ലപ്പൂമാല അണിയിച്ചാണ് കയാക്കിങ് സംഘാംഗങ്ങളെ വരവേറ്റത്. കൈതപ്പുഴ കായലിന്റെ ഓളങ്ങളെ തഴുകിയെത്തിയ കയാക്കിങ് സംഘാംഗങ്ങള്‍ കുട്ടികള്‍ക്ക് പരിസ്ഥിതി സന്ദേശം പകര്‍ന്നു നല്‍കി.
അരൂക്കുറ്റി മറ്റത്തില്‍ഭാഗം ഗവ. എല്‍.പി. സ്‌കൂളിലാണ് കയാക്കിങ് ടീമംഗങ്ങള്‍ എത്തിയത്. കൊല്ലം മുതല്‍ കോഴിക്കോട് വരെയുള്ള ദേശീയ ജലപാതയുടെ പുനഃസ്ഥാപനം, കായല്‍ സംരക്ഷണത്തിനെപ്പറ്റിയുള്ള സാമൂഹ്യ ബോധവത്ക്കരണം, പ്രാദേശിക പരിസ്ഥിതി പ്രശ്‌നങ്ങളില്‍ ഇടപെടല്‍, വിദ്യാര്‍ത്ഥികള്‍ക്ക് ജലകായിക ഇനങ്ങളെ പരിചയപ്പെടുത്തല്‍ തുടങ്ങിയ ലക്ഷ്യങ്ങളോടെ കൊല്ലത്തുനിന്നാണ് യാത്ര തുടങ്ങിയത്. മാതൃഭൂമി സീഡിന്റെ സഹകരണത്തോടെ പ്രാദേശിക പരിസ്ഥിതി പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാനും യാത്ര ലക്ഷ്യമിടുന്നു.
അരൂക്കുറ്റി മറ്റത്തില്‍ഭാഗം സ്‌കൂളില്‍ ചൊവ്വാഴ്ച മൂന്ന് മണിയോടെയാണ് കയാക്കിങ് അംഗങ്ങള്‍ എത്തിയത്. വിപിന്‍ രവീന്ദ്രനാഥ്, ഡോ. രാജ്കൃഷ്ണന്‍, ഡാനി ഗോര്‍ഗന്‍, മാത്യു വര്‍ഗീസ് തുടങ്ങിയ അംഗങ്ങള്‍ പ്രകൃതിസ്‌നേഹം, ജലാശയങ്ങള്‍ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം എന്നീ വിഷയങ്ങളില്‍ കുട്ടികളോട് സംവദിച്ചു. യോഗം തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.പി. വിനോദ്കുമാര്‍ ഉദ്ഘാടനം ചെയ്തു. അരൂക്കുറ്റി പഞ്ചായത്ത് പ്രസിഡന്റ് എന്‍.എം. ബഷീര്‍ അധ്യക്ഷത വഹിച്ചു. ഗ്രാമപ്പഞ്ചായത്തംഗങ്ങളായ റജ്‌ന ഇക്ബാല്‍, കെ.എല്‍. ആരോമലുണ്ണി, മാതൃഭൂമി ആലപ്പുഴ യൂണിറ്റ് മാനേജര്‍ സി. സുരേഷ്‌കുമാര്‍, ശുചിത്വമിഷന്‍ അസി. ജില്ലാ കോ ഓര്‍ഡിനേറ്റര്‍ കെ.ആര്‍. ആശ എന്നിവര്‍ പ്രസംഗിച്ചു. സ്‌കൂള്‍ സീനിയര്‍ അസിസ്റ്റന്റ് പി.ഡി. ജോഷി സ്വാഗതവും ഹെഡ്മാസ്റ്റര്‍ എം.പി. ശിവകുമാര്‍ നന്ദിയും പറഞ്ഞു. മാതൃഭൂമി സീഡ് എക്‌സിക്യുട്ടീവ് അമൃതാ സെബാസ്റ്റ്യന്‍, അസിസ്റ്റന്റ് സെയില്‍സ് ഓര്‍ഗൈനസര്‍ ശ്രീകാന്ത്, ഗോപു കേശവ് എന്നിവര്‍ പങ്കെടുത്തു.

 

Print this news