വാടയ്ക്കല്‍ സെന്റ് ലൂര്‍ദ് മേരി യു.പി. സ്‌കൂള്‍ മാതൃഭൂമി സീഡ് ക്ലബ് വാടയ്ക്കല്‍ കടലോരത്ത് നടത്തുന്ന കണ്ടല്‍ വനവത്കരണം അമ്പലപ്പുഴ ബി.ഡി.ഒ. ആര്‍. വേണുഗോപാല്‍ തൈ നട്ട് ഉദ്ഘാടനം ചെയ്യുന്നു
വാടയ്ക്കല്‍: പ്രകൃതിസുന്ദരമായ വാടയ്ക്കല്‍ കടലോരത്തെ സംരക്ഷിക്കാന്‍ കണ്ടല്‍ച്ചെടികള്‍ വച്ചുപിടിപ്പിക്കുന്ന പദ്ധതിക്ക് വര്‍ണാഭമായ തുടക്കം. തീരദേശത്തെ സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് മാതൃഭൂമി സീഡ് നടപ്പാക്കുന്ന തീരം കാക്കാന്‍ കുട്ടിക്കൂട്ടത്തിന്റെ ഭാഗമായാണ് വാടയ്ക്കല്‍ അറപ്പപ്പൊഴിയുടെ ഇരുവശങ്ങളിലുമായി തീരത്ത് കണ്ടല്‍വനവത്കരണം നടപ്പാക്കുന്നത്. വാടയ്ക്കല്‍ സെന്റ് ലൂര്‍ദ് മേരി യു.പി. സ്‌കൂള്‍ മാതൃഭൂമി സീഡ് ക്ലബ്ബിന്റെയും വനം വകുപ്പിന്റെയും പരിസ്ഥിതി സംഘടനയായ ഗ്രീന്‍ വെയ്‌നിന്റെയും സഹകരണത്തോടെയും ബഹുജന പങ്കാളിത്തത്തോടെയുമാണ് പദ്ധതി നടപ്പാക്കുന്നത്. വെള്ളിയാഴ്ച രാവിലെ നടന്ന ഉദ്ഘാടന ചടങ്ങില്‍ വീട്ടമ്മമാരും കുട്ടികളുമടക്കമുള്ള പ്രദേശവാസികളുടെ വലിയ പങ്കാളിത്തമുണ്ടായി.
അമ്പലപ്പുഴ ബ്ലോക്ക് ഡവലപ്‌മെന്റ് ഓഫീസര്‍ ആര്‍. വേണുഗോപാല്‍ കണ്ടല്‍ത്തൈ നട്ട് പദ്ധതി ഉദ്ഘാടനം ചെയ്തു. ആലപ്പുഴ രൂപതാ കോര്‍പ്പറേറ്റ് മാനേജര്‍ ഫാ. സേവ്യര്‍ കുടിയാംശേരി അധ്യക്ഷത വഹിച്ചു. മാതൃഭൂമി ആലപ്പുഴ യൂണിറ്റ് മാനേജര്‍ സി. സുരേഷ് കുമാര്‍, ഗ്രീന്‍ വെയ്ന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ റാഫി രാമനാഥ്, ജി. രാധാകൃഷ്ണന്‍, ഗ്രാമപ്പഞ്ചായത്തംഗം സി.ആര്‍. ദിലീപ്, സാമൂഹ്യ വനവത്കരണ വിഭാഗം ഫോറസ്റ്റര്‍ മോഹനന്‍, ജോണ്‍ ബ്രിട്ടോ, എ. സുരേഷ് കുമാര്‍, സ്‌കൂള്‍ സീഡ് റിപ്പോര്‍ട്ടര്‍ എബിന്‍ ജെയിംസ് എന്നിവര്‍ പ്രസംഗിച്ചു.
പ്രഥമാധ്യാപകന്‍ ടി.ബി. മൈക്കിള്‍ സ്വാഗതവും സീഡ് കോര്‍ഡിനേറ്റര്‍ പി.ഡി. മേരി റീന നന്ദിയും പറഞ്ഞു.