മുതുകുളം: ജില്ലയുടെ തെക്കേതീരത്ത് ആറാട്ടുപുഴ വലിയഴീക്കലില്‍ കയാക്കിങ്2015ന് ആവേശകരമായ വരവേല്പ്. ശ്രീമുരുക കലാകായിക സംഘടനയുടെ നേതൃത്വത്തില്‍ വലിയഴീക്കലിലെ ജെട്ടിയില്‍ പരമ്പരാഗതശൈലിയില്‍ കൊട്ടും കുരവയുടെയും അകമ്പടിയോടെ വിദ്യാര്‍ഥികള്‍ മാലയണിയിച്ചാണ് കയാക്കിങ് സംഘത്തെ വരവേറ്റത്.
കൊല്ലം മുതല്‍ കോഴിക്കോടുവരെയുള്ള ദേശീയജലപാതയുടെ പുനഃസ്ഥാപനം, കായല്‍ സംരക്ഷണത്തെക്കുറിച്ചുമുള്ള സമൂഹബോധവത്കരണം, പ്രാദേശിക പരിസ്ഥിതിപ്രശ്‌നങ്ങളില്‍ ഇടപെടല്‍, വിദ്യാര്‍ഥികള്‍ക്ക് ജലകായിക ഇനങ്ങളെ പരിചയപ്പെടുത്തല്‍ തുടങ്ങിയ ഉദ്ദേശ്യത്തോടെ ആരംഭിച്ച യാത്ര വെള്ളിയാഴ്ച കൊല്ലം ബോട്ട്‌ജെട്ടിയില്‍ എസിപി കെ. ലാല്‍ജിയാണ് ഫ്‌ളാഗ് ഓഫ് ചെയ്തത്. കൂടാതെ 'മാതൃഭൂമി' സീഡിന്റെ സഹകരണത്തോടെ പ്രാദേശിക പരിസ്ഥിതിസൗഹൃദ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകാനും യാത്ര ലക്ഷ്യമിടുന്നു.
യാത്രയുടെ ഭാഗമായി വലിയഴീക്കലില്‍ നടന്ന നാട്ടുകൂട്ടം മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബബിത ജയന്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം ജെ. സുജിത് അധ്യക്ഷനായി. കയാക്കിങ് ടീം അംഗം ഗോപുകേശവ് വിഷയാവതരണം നടത്തി.
ജലകായിക ഇനങ്ങളെക്കുറിച്ച് കയാക്കിങ് അംഗം കൗശിക് കടത്തോടിക്കല്‍ ചെറുവിവരണം നടത്തി. മറ്റൊരു അംഗമായ മുരുകന്‍ കൃഷ്ണന്‍ പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ചും ജൈവവൈവിധ്യങ്ങളെപ്പറ്റിയും കുട്ടികളോട് വിശദീകരിച്ചു.
മാതൃഭൂമി ആലപ്പുഴ യൂണിറ്റ് മാനേജര്‍ സി. സുരേഷ്‌കുമാര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം സുജിത് എസ്. ചേപ്പാട്, സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ അംഗം ഷംസുദ്ദീന്‍ കായിപ്പുറം, പ്രൊഫ. ആര്‍. രവീന്ദ്രന്‍, ഇ.പി. വേണു, യു. ഓമനക്കുട്ടന്‍, ജി.എസ്. സജീവന്‍, മാതൃഭൂമി സീഡ് കോഓര്‍ഡിനേറ്റര്‍ അമൃത സെബാസ്റ്റ്യന്‍ എന്നിവര്‍ സംസാരിച്ചു.
ശ്രീമുരുക കലാകായിക സംഘടന പ്രസിഡന്റ് കെ.ബി. പ്രമോദ് കുമാര്‍ സ്വാഗതവും എസ്. അനീഷ് നന്ദിയും പറഞ്ഞു. കൊല്ലംകൊച്ചികോട്ടപ്പുറംകോഴിക്കോട് ദേശീയ ജലപാത 330 കിലോമീറ്ററോളം ദൂരം 13 ദിവസംകൊണ്ട് എത്താനാണ് കയാക്കിങ് യാത്ര2015 ലക്ഷ്യമിടുന്നത്.
സ്‌കൂളുകള്‍, ഓഫീസുകള്‍, അയല്‍ക്കൂട്ടങ്ങള്‍ എന്നിവ യാത്രയില്‍ സംഘം സന്ദര്‍ശിക്കും. കുട്ടികളുമായി സംവാദവും കനോയിങ്, കയാക്കിങ്, റോവിങ്, സെയിലിങ് തുടങ്ങിയ ജല കായികഇനങ്ങളെ പുതുതലമുറയ്ക്ക് പരിചയപ്പെടുത്താനും പരിപാടിയുണ്ട്. മാത്യു വര്‍ഗീസ്, വിപിന്‍ രവീന്ദ്രനാഥ്, പ്രസാദ് കാട്ടംകോട്, ആദര്‍ശ് മുരുകന്‍, രക്ഷിത് സിംഗല്‍, ജിബിന്‍ തോമസ്, ഡാനി ഗോര്‍ഗന്‍, ഡോ. രാജ്കൃഷ്ണന്‍ ചന്ദ്രശേഖരന്‍ എന്നിവരാണ് കയാക്കിങ് സംഘത്തിലെ മറ്റ് അംഗങ്ങള്‍. ഹരിയാനക്കാരനായ രക്ഷിത് സിംഗല്‍ ഒഴികെ സംഘത്തിലെ എല്ലാവരും മലയാളികളാണ്.