അമ്പലപ്പുഴ: പരിസ്ഥിതി സ്നേഹികളായ യുവകൂട്ടായ്മയുടെ കടലാമസംരക്ഷണ പ്രവർത്തനങ്ങൾ സഫലം. തോട്ടപ്പള്ളി കടലോരത്ത് സംരക്ഷിച്ചിരുന്ന കടലാമ മുട്ടകൾ വിരിഞ്ഞു.
ഇവയെ കടലിലേക്ക് ഒഴുക്കിവിടുന്ന ചടങ്ങിന് ജനപ്രതിനിധികളുടെയും പൊതുപ്രവർത്തകരുടെയും വനംവകുപ്പ് ഉദ്യോഗസ്ഥരുടെയും നാട്ടുകാരുടെയും പങ്കാളിത്തമുണ്ടായി. തോട്ടപ്പള്ളി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഗ്രീൻ റൂട്ട്സ് നേച്ചർ കൺസർവേഷൻ പ്രവർത്തകർ രണ്ടുവർഷമായി തുടർന്നുവന്ന പ്രവർത്തനങ്ങളാണ് വിജയത്തിലെത്തിയത്. 1972ലെ വനം വന്യജീവി സംരക്ഷണനിയമത്തിൽ പട്ടിക ഒന്നിൽ ഉൾപ്പെട്ടിട്ടുള്ള കടലാമകൾ ഇന്ന് വംശനാശഭീഷണി നേരിടുകയാണ്. ആഗസ്ത് മുതൽ മാർച്ച് വരെയുള്ള പ്രജനനകാലത്ത് തോട്ടപ്പള്ളി കടലോരത്ത് കൂട്ടമായി മുട്ടയിടാനെത്തുന്ന കടലാമകളെ നിരീക്ഷിക്കുകയായിരുന്നു ഗ്രീൻ റൂട്ട്സ് പ്രവർത്തകർ ആദ്യം. ഇതിനൊപ്പം മുട്ടകൾ നശിപ്പിക്കാതിരിക്കാൻ നാട്ടുകാരെയും വിദ്യാർഥികളെയും ബോധവത്കരിച്ചു. വിദ്യാലയങ്ങൾ കേന്ദ്രീകരിച്ചുള്ള ബോധവത്കരണ പ്രവർത്തനത്തിന് മാതൃഭൂമി സീഡ് ക്ലബ്ബുകളും മുന്നിട്ടിറങ്ങി. വനംവകുപ്പധികൃതരും തീരദേശ പോലീസും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകി.
സമൂഹ പങ്കാളിത്തത്തോടെയുള്ള കടലാമസംരക്ഷണമാണ് ഗ്രീൻ റൂട്ട്സ് പ്രാവർത്തികമാക്കിയത്. തോട്ടപ്പള്ളി മുതൽ തെക്കോട്ടുള്ള കടലോരത്ത് നിരന്തരമായ നിരീക്ഷണത്തിലൂടെയാണ് കടലാമമുട്ടകൾ കണ്ടെത്തിയത്. തോട്ടപ്പള്ളിയിൽ പ്രത്യേക സ്ഥലമൊരുക്കി നവംബർ ആദ്യം ഇത് വിരിയാനായി മണ്ണിൽ കുഴിച്ചിട്ട് സംരക്ഷണമൊരുക്കി. 129 മുട്ടകളിൽ 60 എണ്ണമാണ് ചൊവ്വാഴ്ച രണ്ട് സമയങ്ങളിലായി വിരിഞ്ഞത്. ഒലിവ് റിഡ്ലി ഇനത്തിൽപ്പെട്ട കടലാമകളാണിത്. ചൊവ്വാഴ്ച വൈകിട്ട് തോട്ടപ്പള്ളി പൊഴിമുഖത്തിന് സമീപമാണ് കടലാമക്കുഞ്ഞുങ്ങളെ കടലിലേക്കൊഴുക്കിവിട്ടത്. തിരക്കഥാകൃത്ത് ചെറിയാൻ കല്പകവാടി ചടങ്ങ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി. സുലേഖ, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വി.സി. മധു, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി. സാബു, ഗ്രാമപ്പഞ്ചായത്തംഗങ്ങളായ എ.കെ. ബേബി, രാജേശ്വരി കൃഷ്ണൻ, ജി. സുഭാഷ്കുമാർ, മാതൃഭൂമി ആലപ്പുഴ യൂണിറ്റ് മാനേജർ സി. സുരേഷ്കുമാർ, വനംവകുപ്പ് അസിസ്റ്റന്റ് കൺസർവേറ്റർ എസ്. ശ്രീകുമാർ, റേഞ്ച് ഓഫീസർ പി. രവീന്ദ്രൻ, സെക്ഷൻ ഓഫീസർ എൻ. മോഹനൻ, നാലുചിറ ഗവൺമെന്റ് ഹൈസ്കൂൾ മാതൃഭൂമി സീഡ് കോ-ഓർഡിനേറ്റർമാരായ പ്രശോഭ്കുമാർ, മധുകുമാർ, ഗ്രീൻ റൂട്ട്സ് പ്രവർത്തകരായ ചിത്രാലയം സജി, എം.ആർ. ഓമനക്കുട്ടൻ, അൽബാദുഷ, സിനു എസ്. കുമാർ, റഷീദ് തുടങ്ങിയവർ സന്നിഹിതരായി.