ഒറ്റപ്പാലം: ഒരു സംസ്‌കാരത്തിന്റെ പാരമ്പര്യം ഉള്‍ക്കൊള്ളുന്ന ഭാരതപ്പുഴയിന്ന് ഊര്‍ദ്ധ്വശ്വാസം വലിക്കുകയാണെന്ന് കുട്ടിക്കൂട്ടം. ഭാരതപ്പുഴയുടെ പുനരുജ്ജീവനം ആവശ്യപ്പെട്ട് സീഡ് ക്ലബ്ബ് നിളാതീരത്ത് സംഘടിപ്പിച്ച കൂട്ടായ്മയുടെ പഠനറിപ്പോര്‍ട്ടിലാണിത് പരാമര്‍ശിക്കുന്നത്.
എന്‍.എസ്.എസ്. കെ.പി.ടി. സ്‌കൂളിലെ പുനര്‍നവ സീഡ് ക്ലബ്ബ് അംഗങ്ങളാണ് പുഴയുടെ തീരത്ത് കൂട്ടായ്മ ഒരുക്കിയത്. പുഴയെ സംരക്ഷിക്കാന്‍ കര്‍മപദ്ധതികള്‍ ആവിഷ്‌കരിക്കണമെന്നും വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മയില്‍ ആവശ്യമുയര്‍ന്നു. പരിസ്ഥിതിപ്രവര്‍ത്തകന്‍ യു. അയ്യപ്പന്‍ പുഴസംരക്ഷണത്തെക്കുറിച്ച് ക്ലാസെടുത്തു. സീഡ് ക്ലബ്ബ് അംഗം പി. നിവേദ് തയ്യാറാക്കിയ പരിസ്ഥിതിപഠനറിപ്പോര്‍ട്ട് പ്രധാനാധ്യാപിക എം. ലില്ലിക്ക് കൈമാറി. സീഡ് കോ-ഓര്‍ഡിനേറ്റര്‍ എസ്. ഇന്ദുമോഹന്‍, കെ. മുരളീധരന്‍, പി.എസ്. ശ്രീകല എന്നിവര്‍ സംസാരിച്ചു.