ചാത്തന്നൂർ എൻ.എസ്.എസ്. എച്ച്.എസ്സിലെ സീഡ് പ്രവർത്തകർ
സ്വരൂപിച്ച തുക നിഖിൽ നാഥിന്റെ അച്ഛൻ രഘുവിന്
ഹെഡ്മിസ്ട്രസ് ലൗലി ജെ.നായർ കൈമാറുന്നു
ചാത്തന്നൂർ: സഹപാഠിയുടെ ജീവൻ രക്ഷിക്കാനും ആരോഗ്യം വീണ്ടെടുക്കാനും സഹായവുമായി കുരുന്നു ഹസ്തങ്ങൾ. അവർ സ്വരൂപിച്ച 8500 രൂപ ചികിത്സാ സഹായമായി ഹെഡ്മിസ്ട്രസ് സഹപാഠിയുടെ പിതാവിന് കൈമാറിയപ്പോൾ കൃതാർഥതയോടെ വിദ്യാർഥികൾ.
ചാത്തന്നൂർ എൻ.എസ്.എസ്. ഹൈസ്‌കൂളിലെ വിദ്യാർഥികളാണ് കൂട്ടുകാരന്റെ ചികിത്സയ്ക്കായി തുക സ്വരൂപിച്ചത്.
മാതൃഭൂമി സീഡ് ക്ലബ്ബിലെ അംഗങ്ങൾ മുന്നോട്ടുവച്ച ആശയം വിദ്യാർഥികൾ ഒന്നടങ്കം ഏറ്റെടുക്കുകയായിരുന്നു. കഴിഞ്ഞ നവംബർ ഒമ്പതിനുണ്ടായ ദാരുണസംഭവങ്ങളെത്തുടർന്നാണ് സീഡ് പ്രവർത്തകർ സഹപാഠിയുടെ ജീവൻ രക്ഷിക്കാൻ ഇറങ്ങിപ്പുറപ്പെട്ടത്. കടമാൻതോട്ടം നടയ്ക്കൽ വച്ച് മോട്ടോർബൈക്കും വിവാഹസംഘം സഞ്ചരിച്ചിരുന്ന ടൂറിസ്റ്റ് ബസ്സും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രാഹുൽ ഭവനിൽ രഘുവിന്റെയും ശകുന്തളയുടെയും മകൻ രാഹുൽനാഥ്(19) മരണമടഞ്ഞിരുന്നു.
ഈ അപകടത്തിൽ രാഹുൽനാഥിന്റെ സഹോദരനും ചാത്തന്നൂർ എൻ.എസ്.എസ്. ഹൈസ്‌കൂളിലെ പത്താംക്ലാസ് വിദ്യാർഥിയുമായ നിഖിൽ നാഥ് ആർ.എസ്സിന് ഗുരുതരമായി പരിക്കേറ്റിരുന്നു.
നിഖിൽ നാഥ് ഇപ്പോഴും തിരുവനന്തപുരത്തെ സ്വകാര്യ ആസ്പത്രിയിൽ ചികിത്സയിലാണ്. ഇതേ അപകടത്തിൽ ഇവരുടെ ബന്ധവും വിദ്യാർഥിയുമായ അഖിലിനും പരിക്കേറ്റു. നിർധന കുടുംബമാണ് രാഹുൽനാഥിന്റേത്. നിഖിൽ നാഥിന്റെ ചികിത്സയ്ക്കായി കുടുംബം ബുദ്ധിമുട്ടുമ്പോഴാണ് മാതൃഭൂമി സീഡ് ക്ലബ്ബ് അംഗങ്ങൾ തുക സ്വരൂപിച്ച് നൽകാൻ തീരുമാനിച്ചത്. ഓരോ വിദ്യാർഥിയും അവരാൽ കഴിയുന്ന സഹായധനം ക്ലാസ് ടീച്ചർമാരെ ഏല്പിച്ചു. കഴിഞ്ഞ ദിവസങ്ങൾ കൊണ്ടാണ് 85000 രൂപ സ്വരൂപിച്ചത്.
സ്‌കൂൾ അങ്കണത്തിൽ ചേർന്ന ചടങ്ങിൽ ഹെഡ്മിസ്ട്രസ് ലൗലി ജെ.നായർ തുക നിഖിൽനാഥിന്റെ അച്ഛൻ രഘുവിന് കൈമാറി. ചടങ്ങിൽ മാതൃഭൂമി ലേഖകൻ പ്രദീപ് ചാത്തന്നൂർ, മാതൃഭൂമി എസ്.ഒ. വിജയകുമാർ തുടങ്ങിയവർ പങ്കെടുത്തു.