സ്റ്റെഫി ആർ.റേച്ചൽ,
കാർമൽ റെസിഡൻഷ്യൽ
സീനിയർ സെക്കൻഡറി സ്‌കൂൾ,
കടലാവിള, കൊട്ടാരക്കര
കൊട്ടാരക്കര: താലൂക്ക് ആസ്ഥാനമായ കൊട്ടാരക്കരയിൽ ഇപ്പോഴും മാലിന്യസംസ്‌കരണത്തിന് ശരിയായ പദ്ധതികൾ ഇല്ലാത്തത് പൊതുജനത്തെ വലയ്ക്കുന്നു. പട്ടണത്തിന്റെ വിവിധഭാഗങ്ങളിൽ കുന്നുകൂടുന്ന മാലിന്യം അവിടെത്തന്നെയിട്ട് കത്തിക്കുന്നത് സ്ഥിരം കാഴ്ചയാണ്. മാലിന്യം നീക്കംചെയ്യേണ്ട പഞ്ചായത്തിലെ ശുചീകരണ തൊഴിലാളികൾ തന്നെയാണ് പരിസ്ഥിതിക്ക് ദോഷകരമായ ഈ പ്രവൃത്തി ചെയ്യുന്നത്. വിദ്യാർഥികളായ ഞങ്ങൾ സ്‌കൂളിലേക്ക് പോകുന്ന സമയത്താണ് പലയിടത്തും മാലിന്യക്കൂമ്പാരങ്ങൾ കത്തുന്നത്. പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള വസ്തുക്കളാണ് ഈ രീതിയിൽ കത്തിക്കുന്നത്. ഇതിൽനിന്ന് ഉയരുന്ന പുക മനുഷ്യർക്ക് എത്രത്തോളം ഹാനികരമാണെന്ന് ഊഹിച്ചെടുക്കാവുന്നതേയുള്ളൂ. കൊട്ടാരക്കര സർക്കാർ ഹയർ സെക്കൻഡറി സ്‌കൂളിന് സമീപവും ഗ്രൗണ്ടിന് സമീപവും ടി.ബി. ജങ്ഷനിലും പ്രഭാതങ്ങളിൽ മാലിന്യത്തിൽനിന്ന് ഉയരുന്ന പുക പരക്കുന്നത് നിത്യകാഴ്ചയാണ്. ഇത് ശ്വസിച്ചുവേണം കുട്ടികൾക്ക് സ്‌കൂളുകളിലേക്ക് പോകാൻ. വഴിവക്കിൽ മാലിന്യം തള്ളുന്നവർ അത് സംസ്‌കരിക്കാൻ ശരിയായ പദ്ധതികൾ കൊട്ടാരക്കരയിൽ ഇല്ലെന്ന കാര്യം മറക്കുന്നു. ഉണ്ടായിരുന്ന പദ്ധതികൾ എല്ലാം കാലഹരണപ്പെട്ടു എന്നാണ് ഞങ്ങളുടെ അന്വേഷണത്തിൽ മനസ്സിലാക്കാൻ കഴിഞ്ഞത്. ഈ പ്രശ്‌നത്തിൽ എത്രയുംവേഗം പരിഹാരം ഉണ്ടാകണം എന്നാണ് ഞങ്ങളുടെ അപേക്ഷ.