അധിനിവേശസസ്യങ്ങളുടെ പഠനം നടത്തുന്ന വയലാ എന്‍.വി. യു.പി.എസ്. സീഡ് യൂണിറ്റ് അംഗങ്ങള്‍
അഞ്ചല്‍: വയല എന്‍.വി. യു.പി.സ്‌കൂള്‍ സീഡ് യൂണിറ്റ് അംഗങ്ങള്‍ അധിനിവേശസസ്യങ്ങളുടെ വ്യാപനത്തിന്റെ ദോഷവശങ്ങളെക്കുറിച്ച് പഠനം നടത്തി. സംസ്ഥാന ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ െസ്‌പെറ്റിസ് പ്രോജക്ടിന്റെ ഭാഗമായിട്ടാണ് പഠനം നടത്തുന്നത്.
നാടന്‍സസ്യങ്ങള്‍ വളരേണ്ട സ്ഥലങ്ങളില്‍ അവയെ ഇല്ലാതാക്കി തഴച്ചുവളരുന്ന വിദേശചെടികളാണ് അധിനിവേശസസ്യങ്ങള്‍. കമ്മ്യൂണിസ്റ്റ് പച്ച, ധൃതരാഷ്ട്രപ്പച്ച തുടങ്ങിയ സസ്യങ്ങള്‍ അമിതമായി വളര്‍ന്നുപിടിക്കുന്നു. ഇത് മണ്ണിന്റെ സ്വഭാവികത നഷ്ടപ്പെടുത്തുന്നുവെന്നാണ് സീഡ് സംഘം കണ്ടെത്തിയത്. ഇത്തരം സസ്യങ്ങള്‍ വളരുന്ന പ്രദേശത്തെ മണ്ണിന്റെ പി.എച്ച്. മൂല്യത്തില്‍ കാര്യമായ വ്യതിയാനം കണ്ടെത്തിയിട്ടുണ്ട്.
ചെടി വളര്‍ന്നിട്ടുള്ള മണ്ണില്‍ ജൈവമാലിന്യങ്ങള്‍ അഴുകി സ്വഭാവികമായി ഉണ്ടാകുന്ന ജൈവ കാര്‍ബണിന്റെ അളവിലും ഗണ്യമായ കുറവ് കണ്ടെത്തിയിട്ടുണ്ട്. റോഡരുകുകളിലും തരിശുസ്ഥലങ്ങളിലും ഇവയുടെ വ്യാപനം വളരെയേറെ കൂടിയിട്ടുണ്ട്. ഇത് സ്വാഭാവിക പരിസ്ഥിതിക്ക് ഗുരുതരമായ പ്രത്യാഘാതം സൃഷ്ടിക്കുമെന്ന് സീഡ് സംഘം കണ്ടെത്തി. സീഡ് കോഓര്‍ഡിനേറ്റര്‍ ജി.ശ്രീജ, ശാസ്ത്രാധ്യാപകരായ മനുമോഹന്‍, കെ.വി.ആര്‍.ബിജു, ജി.ഷീജ തുടങ്ങിയവരുടെ സഹായത്തോടെയാണ് പഠനം പൂര്‍ത്തിയാക്കിയത്.