തൊടുപുഴ: കലോത്സവത്തിനെത്തുന്നവര്‍ക്ക് വിളമ്പാന്‍ പാചകപ്പുരയിലേക്ക് പച്ചക്കറികളുമായി സീഡ് വണ്ടി എത്തി. വിദ്യാര്‍ഥികള്‍തന്നെ ഉല്പാദിപ്പിച്ച 141 കിലോ പച്ചക്കറിയാണ് മേളയുടെ കലവറയില്‍ എത്തിച്ചത്.
പഴയവിടുതി ഗവ. യു.പി.സ്‌കൂളില്‍നിന്ന് 24 കിലോ പയറും അടിമാലി കാര്‍മല്‍ജ്യോതി സ്‌പെഷല്‍ സ്‌കൂളില്‍നിന്ന് 44 കിലോ ബീന്‍സും 50 കിലോ കാബേജും രണ്ടുകിലോ മത്തങ്ങയും ആറരക്കിലോ കാപ്‌സിക്കവും കലയന്താനി സെന്റ് ജോര്‍ജ് ഹൈസ്‌കൂളില്‍നിന്ന് 10 കിലോ പടവലവും നിറച്ചാണ് വണ്ടി കലോത്സവനഗരിയിലെത്തിയത്.
സ്വന്തം അധ്വാനത്തില്‍ വിളഞ്ഞ പച്ചക്കറികള്‍ ജില്ലയിലെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും പങ്കുവയ്ക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് സീഡ് വിദ്യാര്‍ഥികള്‍. ജില്ലാ വിദ്യാഭ്യാസവകുപ്പിനും മാതൃഭൂമി സീഡിനും കൃഷിവകുപ്പിനും അഭിമാനനിമിഷങ്ങള്‍ സമ്മാനിച്ച് വിദ്യാര്‍ഥികള്‍ പച്ചക്കറികള്‍ വൈകീട്ട് ഏഴുമണിയോടെ മുഖ്യപാചകക്കാരന്‍ കാഞ്ഞിരമറ്റം പരമേശ്വരന്‍ നായര്‍ക്ക് കൈമാറി.
'കലാമേളയില്‍ ഭക്ഷണം പാകംചെയ്യാന്‍ തുടങ്ങിയിട്ട് 12 വര്‍ഷമായി. ആദ്യമായാണ് ഇത്ര ശുദ്ധവും വിഷമയമില്ലാത്തതുമായ പച്ചക്കറികള്‍ കിട്ടുന്നത്'-പരമേശ്വരന്‍ നായര്‍ പറഞ്ഞു.
സീഡ് കോ-ഓര്‍ഡിനേറ്റര്‍ കെ.കെ.അജിത്, പഴയവിടുതി സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ജോയി ആന്‍ഡ്രൂസ്, കാര്‍മല്‍ജ്യോതി സ്‌പെഷല്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ബിജി, കലയന്താനി സ്‌കൂള്‍ സീഡ് കോ-ഓര്‍ഡിനേറ്റര്‍ ബിന്ദു ടി. ഫ്രാന്‍സിസ്, ഭക്ഷണകമ്മിറ്റി കണ്‍വീനര്‍ വി.എം.ഫിലിപ്പോച്ചന്‍ തുടങ്ങിയവര്‍ പങ്കെടുത്തു