വിദ്യാലയങ്ങളില്‍ കുട്ടികള്‍ വിയര്‍പ്പും മനസ്സുമിട്ട് വിളയിച്ച പച്ചക്കറികള്‍ അവരുടെ കലോത്സവ അടുക്കളയിലെത്തി. തലശ്ശേരിയില്‍ നടക്കുന്ന കണ്ണൂര്‍ റവന്യു ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ പുതുവത്സര സദ്യക്കുള്ള വിഷമുക്ത പച്ചക്കറികളാണ് ചൊവ്വാഴ്ച കലോത്സവ കലവറയിലെത്തിയത്. സീഡിന്റെ 'നഞ്ചില്ലാത്ത ഊണ് എന്റെ വക' എന്ന പദ്ധതിയനുസരിച്ചാണിത്. മാതൃഭൂമി സീഡിന്റെ നേതൃത്വത്തില്‍ കണ്ണൂര്‍ ജില്ലയിലെ പത്ത് വിദ്യാലയങ്ങളില്‍നിന്ന് ശേഖരിച്ച മൂന്നു ക്വിന്റലിലേറെ പച്ചക്കറികള്‍ മാതൃഭൂമി ന്യൂസ് എഡിറ്റര്‍ കെ.വിനോദ് ചന്ദ്രനും യൂണിറ്റ് മാനേജര്‍ ജോബി പി.പൗലോസും ചേര്‍ന്ന് വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ ദിനേശന്‍ മഠത്തിലിനും ഭക്ഷണക്കമ്മിറ്റി കണ്‍വീനര്‍ എ.രമേശനും കൈമാറി.
ഈ ഏറ്റുവാങ്ങല്‍ കേരള വിദ്യാഭ്യാസ ചരിത്രത്തിലെ അവിസ്മരണീയ സംഭവമാണെന്ന് ദിനേശന്‍ മഠത്തില്‍ പറഞ്ഞു. ആദ്യമായാണ് വിദ്യാര്‍ഥികളൊരുക്കിയ പച്ചക്കറികൊണ്ട് ഒരു കലോത്സവ സദ്യ ഒരുക്കുന്നത്.
രാവിലെ ഏറ്റുകുടുക്ക യു.പി. സ്‌കൂളില്‍ നടന്ന ഉദ്ഘാടനച്ചടങ്ങില്‍ മാതൃഭൂമി പ്രത്യേക ലേഖകന്‍ ടി.സോമന്‍ ഏറ്റുകുടുക്ക യു.പി. സ്‌കൂള്‍ മാനേജര്‍ ടി.തമ്പാനില്‍ നിന്ന് പച്ചക്കറി ഏറ്റുവാങ്ങി. തുടര്‍ന്ന് മാത്തില്‍ ഗവ. എച്ച്.എസ്.എസ്., കരിവെള്ളൂര്‍ എ.വി.സ്മാരക എച്ച്.എസ്.എസ്., നെരുവമ്പ്രം യു.പി.സ്‌കൂള്‍, കൊട്ടില ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, കുറ്റിയാട്ടൂര്‍ എ.യു.പി. സ്‌കൂള്‍, വലിയന്നൂര്‍ നോര്‍ത്ത് യു.പി. സ്‌കൂള്‍, കൂത്തുപറമ്പ് ഹൈസ്‌കൂള്‍, പൂക്കോട് അമൃത വിദ്യാലയം, തലശ്ശേരി സേക്രഡ് ഹാര്‍ട്ട് എച്ച്.എസ്.എസ്. എന്നിവിടങ്ങളില്‍നിന്നായി 310 കിലോ പച്ചക്കറികളുമായി തലശ്ശേരി ഗവ. ഗേള്‍സ് സ്‌കൂളിലെ കലോത്സവ അടുക്കളയിലെത്തിച്ചു. പാചക വിദഗ്ധന്‍ പയ്യന്നൂര്‍ ദാമോദര പൊതുവാള്‍ ഇവ കലവറയിലേക്ക് മാറ്റി. പച്ചക്കറി ശേഖരണത്തിന് സീഡ് ദൗത്യ സംഘാംഗങ്ങളായ സി.സുനില്‍കുമാര്‍, പി.കെ.ജയരാജ്, ആന്‍മരിയ ഇമ്മാനുവല്‍, ബിജിഷ ബാലകൃഷ്ണന്‍, കെ.വിഷ്ണു എന്നിവരും സീഡ് സ്‌കൂള്‍ കോ ഓര്‍ഡിനേറ്റര്‍മാരായ കുന്നുമ്പ്രോന്‍ രാജന്‍, കെ.രവീന്ദ്രന്‍ എന്നിവര്‍ നേതൃത്വംനല്കി.