കണ്ണൂര്‍: തലശ്ശേരിയില്‍ റവന്യു സ്‌കൂള്‍ കലോത്സവത്തിന് ഊണൊരുക്കാനുള്ള മാതൃഭൂമി 'സീഡി'ന്റെ 'കലവറനിറയ്ക്കല്‍' യാത്ര ഇന്ന് നടക്കും. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ജൈവകൃഷിയിലൂടെ ഉത്പാദിപ്പിച്ച പച്ചക്കറികളുപയോഗിച്ച് കലോത്സവ സദ്യ ഒരുക്കുക എന്നതാണ് 'നഞ്ചില്ലാത്ത ഊണ് എന്റെ വക' എന്ന പരിപാടികൊണ്ട് ഉദ്ദേശിക്കുന്നത്.
രാവിലെ 10ന് ഏറ്റുകുടുക്ക യു.പി. സ്‌കൂളില്‍നിന്നാരംഭിക്കുന്ന പച്ചക്കറി ശേഖരണ യാത്ര വൈകിട്ട് 3.30ന് തലശ്ശേരിയില്‍ സമാപിക്കും.
വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ദിനേശന്‍ മഠത്തില്‍, ഭക്ഷണ കമ്മിറ്റി കണ്‍വീനര്‍ എ.രമേശന്‍ എന്നിവര്‍ പച്ചക്കറികള്‍ ഏറ്റുവാങ്ങും. കരിവെള്ളൂര്‍ എ.വി.സ്മാരക എച്ച്.എസ്.എസ്., മാത്തില്‍ ജി.എച്ച്.എസ്.എസ്., കൊട്ടില ജി.എച്ച്.എസ്., നെരുവമ്പ്രം യു.പി. സ്‌കൂള്‍, കുറ്റിയാട്ടൂര്‍ എ.യു.പി. സ്‌കൂള്‍, വലിയന്നൂര്‍ നോര്‍ത്ത് യു.പി. സ്‌കൂള്‍, കൂത്തുപറമ്പ് ഹൈസ്‌കൂള്‍, അമൃത വിദ്യാലയം പൂക്കോട്, സേക്രഡ് ഹാര്‍ട്ട് ജി.എച്ച്.എസ്. തലശ്ശേരി എന്നിവിടങ്ങളില്‍ യാത്രയ്ക്ക് സ്വീകരണം നല്‍കും. വിദ്യാര്‍ഥികള്‍ ഉത്പാദിപ്പിച്ച ഈ പച്ചക്കറികള്‍കൊണ്ടാണ് പുതുവത്സരദിനമായ വ്യാഴാഴ്ച കലോത്സവസദ്യ ഒരുക്കുക.