അഞ്ചരക്കണ്ടി: റംസാന്‍ പുണ്യമാസത്തിലെ നോമ്പുതുറക്കാനുള്ള വിശിഷ്ട വിഭവമായ അത്തിപ്പഴത്തിന്റെ വിളവെടുപ്പ് ഉത്സവമായിരുന്നു കഴിഞ്ഞദിവസം കുരിയോട് എല്‍.പി.സ്‌കൂളില്‍. കൂത്തുപറമ്പ് വേങ്ങാടിനടുത്ത് കുരിയോട് എല്‍.പി.സ്‌കൂള്‍ വിദ്യാര്‍ഥികള്‍ പി.ടി.എ.യുടെയും നാട്ടുകാരുടെയും സഹായത്തോടെ നടത്തിവരുന്ന ഔഷധത്തോട്ടത്തിലാണ് അത്തിപ്പഴം വിളഞ്ഞത്. സീഡ് ക്ലബ്ബിന്റെ സഹായത്തോടെയാണ് ഔഷധത്തോട്ടം വികസിപ്പിക്കുന്നത്.
കേന്ദ്ര സര്‍ക്കാറിന്റെ ഔഷധി പോഷകോത്തംസ് ബഹുമതി ലഭിച്ച കൊടോളിപ്രത്തെ കൃഷ്ണന്‍ വിളവെടുപ്പുത്സവം ഉദ്ഘാടനം ചെയ്തു. അത്തിപ്പഴത്തിന്റെ ഔഷധ-പോഷക ഗുണങ്ങള്‍ കുട്ടികള്‍ക്കും നാട്ടുകാര്‍ക്കും വിശദീകരിച്ചുകൊടുത്തു.
നെല്ലിയും കുടംപുളിയും മുരിങ്ങയും അമ്പഴവും തുടങ്ങി നിരവധി ഔഷധസസ്യങ്ങള്‍ക്കൊപ്പം കപ്പ, വാഴ, ചേന, മഞ്ഞള്‍, ചേമ്പ് എന്നിവയും കൃഷിചെയ്തുവരുന്നു. ഔഷധസസ്യങ്ങള്‍ക്കായി 20 സെന്റ് സ്ഥലം വിനിയോഗിക്കുന്നുണ്ടിപ്പോള്‍.
കര്‍പ്പൂരം, കൂവളം, രാമച്ചം, സര്‍വസുഗന്ധി, ഉങ്ങ്, ഇലഞ്ഞി, പൊന്‍ചെമ്പകം, പതിമുഖം, കറപ്പ, ബദാം, എരിക്ക് തുടങ്ങി 150ഓളം ചെടികളാണ് ഇപ്പോള്‍ തോട്ടത്തിലുള്ളത്.
കുട്ടികള്‍ക്ക് ഉച്ചഭക്ഷണത്തിന് ആവശ്യമായ പച്ചക്കറികളും ഇവിടെനിന്ന് ഉണ്ടാക്കിയെടുക്കാന്‍ കഴിയുന്നുണ്ടെന്ന് പ്രഥമാധ്യാപിക പി.സന്ധ്യ പറഞ്ഞു. തോട്ടത്തിന് രണ്ടുവര്‍ഷം മുമ്പ് ഒയിസ്‌ക ഇന്റര്‍നാഷണല്‍ അവാര്‍ഡും ലഭിച്ചിട്ടുണ്ടെന്ന് അധ്യാപകന്‍ പി.രാജന്‍ പറഞ്ഞു.
മറ്റു ക്ലബ്ബുകള്‍ക്കൊപ്പം അറബിക് അധ്യാപികയായ പി.പി.സഫീറയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന 30 അംഗ ഇക്കോ ക്ലബ്ബാണ് ഔഷധത്തോട്ടത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നത്.