കയാക്കിങ് യാത്ര 2015 ഫ്‌ളാഗ് ഓഫ് ഇന്ന്

Posted By : admin On 2nd January 2015




കയാക്കിങ് യാത്ര2015 ഫ്‌ളാഗ് ഓഫ് ഇന്ന്
കൊല്ലം: ദേശീയ ഗെയിംസും ശുചിത്വ മിഷനും ചേര്ന്ന് ക്ലീന് ആന്ഡ് ഗ്രീന് പ്രചാരണ പരിപാടിയുടെ ഭാഗമായി മാതൃഭൂമി സീഡിന്റെ സഹകരണത്തോടെ നടത്തുന്ന കയാക്കിങ് യാത്ര2015 ന് വെള്ളിയാഴ്ച കൊല്ലത്ത് തുടക്കം കുറിക്കും.
രാവിലെ 9.30ന് കൊല്ലം ബോട്ട്‌ െജട്ടിയില് നടക്കുന്ന ചടങ്ങ് മേയര് ഹണി ബഞ്ചമിന് ഉദ്ഘാടനം ചെയ്യും. മാതൃഭൂമി കൊല്ലം ന്യൂസ് എഡിറ്റര് തേവള്ളി ശ്രീകണ്ഠന് അധ്യക്ഷനാകും. കൊല്ലം എ.സി.പി. കെ.ലാല്ജി ഫ്‌ളാഗ് ഓഫ് നിര്വഹിക്കും.
ആരോഗ്യത്തോടൊപ്പം പരിസ്ഥിതിയും സംരക്ഷിച്ചാല് മാത്രമേ കായികരംഗത്ത് മുന്നേറാന് കഴിയൂ എന്ന സന്ദേശം ഉയര്ത്തിയാണ് കയാക്കിങ് യാത്ര നടത്തുന്നത്. കൊല്ലംകൊച്ചികോട്ടപ്പുറംകോഴിക്കോട് ദേശീയജലപാതയില് 13 ദിവസം കൊണ്ട് തുഴഞ്ഞെത്താനാണ് തീരുമാനം.
പത്തംഗ സംഘമാണ് കയാക്കിങിന് എത്തുന്നത്. മുരുകന് കൃഷ്ണന്, മാത്യു വര്ഗീസ്, വിപിന് രവീന്ദ്രനാഥ്, പ്രസാദ് കാട്ടംകോട്, ആദര്ശ് മുരുകന്, കൗശിക് കടത്തോടിക്കല്, രക്ഷിത് സിംഗല്, ജിബിന് തോമസ്, ഡാനി ഗോര്ഗന്, ഡോ. രാജ്കൃഷ്ണന് ചന്ദ്രശേഖരന് എന്നിവരാണ് സംഘാംഗങ്ങള്.
ജലാശയങ്ങളെ മാലിന്യമുക്തമാക്കി സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ജനങ്ങളില് എത്തിക്കുകയാണ് കയാക്കിങ് യാത്രയുടെ ഉദ്ദേശ്യം. സ്‌കൂളുകള്, ഓഫീസുകള്, അയല്ക്കൂട്ടങ്ങള് എന്നിവ സന്ദര്ശിക്കാനും സംഘത്തിന് പരിപാടിയുണ്ട്.
ജലായശ സംരക്ഷണവുമായി ബന്ധപ്പെട്ട് കുട്ടികളുമായി സംവാദവും നടത്തും. കനോയിങ്, കയാക്കിങ്, റോവിങ്, സെയിലിങ് തുടങ്ങിയ ജല കായിക വിനോദങ്ങള് കുട്ടികളെ പരിചയപ്പെടുത്തും. വിവിധ സ്ഥലങ്ങളില് മാതൃഭൂമി സീഡ് പ്രവര്ത്തകര് യാത്രയെ സ്വീകരിക്കും.
രാത്രി തങ്ങുന്ന ഇടങ്ങളിലെ അയല്ക്കൂട്ടങ്ങളിലെ അംഗങ്ങളുമായി അവിടുത്തെ ജലാശയങ്ങളിലെ പ്രശ്‌നങ്ങള്, അവയ്ക്കുള്ള പ്രതിവിധികള് തുടങ്ങിയവ ചര്ച്ച ചെയ്യാനും പരിപാടിയുണ്ട്.

 

Print this news