ആനക്കര: ആധുനിക ഹൈടെക് ജൈവക്കൃഷിയുമായി ആനക്കര സ്വാമിനാഥവിദ്യാലയം സീഡ് ക്ലബ്. ജൈവപച്ചക്കറിഗ്രാമമെന്ന ലക്ഷ്യത്തോടെ വന്‍തോതില്‍ പച്ചക്കറി ഉത്പാദിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഹൈടെക് കൃഷിരീതി അവലംബിച്ച് ഈ വിദ്യാലയം മാതൃകയാകുന്നത്.
സര്‍ക്കാരിന്റെ പച്ചക്കറി വികസന പദ്ധതിയുടെ ഭാഗമായുള്ള പ്രോജക്റ്റ് അധിഷ്ഠിത കൃഷിരീതിയിലൂടെയാണ് ഇത് നടപ്പാക്കുന്നത്. പ്ലാസ്റ്റിക് മള്‍ച്ചിങ്, പ്രിസിഷന്‍ കൃഷിരീതി തുടങ്ങിയ സാങ്കേതികവിദ്യകളാണ് ഇവിടെ പ്രാവര്‍ത്തികമാക്കുന്നത്.
ഓട്ടോമാറ്റിക് ഡ്രിപ്പ് ഇറിഗേഷന്‍ സംവിധാനമൊരുക്കിയിരിക്കുന്നതിനാല്‍ അവധിദിനങ്ങളില്‍പോലും രണ്ടുനേരം കൃത്യമായ ജലസേചനം നടക്കും. 40 സെന്റ് സ്ഥലത്താണ് കൃഷി. തക്കാളി, മുളക്, വഴുതന, ചീര, വെള്ളരി, മത്തന്‍, കുമ്പളം, വെണ്ട, കാബേജ്, ക്വാളിഫ്ലവര്‍ തുടങ്ങിയ ഇനങ്ങളാണ് കൃഷിചെയ്തിട്ടുള്ളത്.
ആനക്കരയിലെത്തന്നെ നിള എ ഗ്രേഡ് ക്ലസ്റ്റര്‍ ഉദ്പാദിപ്പിച്ച അത്യുത്പാദനശേഷിയുള്ള ഇനങ്ങളാണ് നടീലിന് ഉപയോഗിച്ചിട്ടുള്ളത്.
വി.ടി. ബല്‍റാം എം.എല്‍.എ. നടീല്‍ ഉദ്ഘാടനംചെയ്തു. ആനക്കര പഞ്ചാത്ത് പ്രസിഡന്റ് എന്‍. കാര്‍ത്യായനി അധ്യക്ഷയായി. അഡ്വ. ബഷീര്‍, എം.ടി. വത്സല, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ റീലമ്മ തോമസ്, ഡയറ്റ് പ്രിന്‍സിപ്പല്‍ ഡോ. ഉണ്ണിക്കൃഷ്ണന്‍, മോഹനന്‍, കൃഷി ഓഫീസര്‍ ജോസഫ് ജോണ്‍ തേറാട്ടില്‍, മനോജ്, ഹെഡ്മാസ്റ്റര്‍ ഇന്‍ചാര്‍ജ് ഷാജി, മണികണ്ഠന്‍ എന്നിവര്‍ പ്രസംഗിച്ചു.