പന്തളം: കൃഷിക്കാരുടെ വേഷമണിഞ്ഞ് കൊയ്ത്തുപാട്ടുപാടി അധ്വാനത്തിന്റെ നൂറുമേനിവിളവ് അവര്‍ കൊയ്‌തെടുത്തു. പന്തളം എന്‍.എസ്.എസ്. ഇംഗ്ലീഷ് മീഡിയം യു.പിസ്‌കൂളിലെ സീഡ് പ്രവര്‍ത്തകരാണ് സ്‌കൂള്‍വളപ്പിലെ കര നെല്‍കൃഷിയുടെ വിളവെടുത്തത്.
പേനയും പെന്‍സിലുമേന്തുന്ന കൈകളില്‍ കലപ്പയും കൈക്കോട്ടും കൊയ്ത്തരിവാളുമേന്താമെന്ന് തെളിയിക്കുകയായിരുന്നു കുട്ടികള്‍. കൃഷിഓഫീസില്‍ നിന്നുലഭിച്ച 'ഉമ' ഇനത്തില്‍പ്പെട്ട വിത്താണ് അവര്‍തന്നെ വിതച്ചത്. കളയെടുപ്പും വളംചേര്‍ക്കലും നടത്തി പാകമാക്കിയ നെല്ല് കൊയ്യാനും അവര്‍ തന്നെ കര്‍ഷകരായി.
ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് രാജു കല്ലുംമൂടന്‍ കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം അഡ്വ. കെ.പ്രതാപന്‍, കൃഷിഅസിസ്റ്റന്റ് അനീഷ്, പ്രിന്‍സിപ്പല്‍ എസ്. ലീലാമ്മ, സീഡ് കോ-ഓര്‍ഡിനേറ്റര്‍ വി. ശ്രീജിത്ത്, അധ്യാപകന്‍ വി.രാജേഷ്‌കുമാര്‍ എന്നിവര്‍ പങ്കുചേര്‍ന്നു.