മാതൃഭൂമി സീഡ് പുരസ്കാരദാനത്തിന് തിരക്കഥാകൃത്ത് രൺജി പണിക്കർ ദീപം തെളിക്കുന്നു
ആലപ്പുഴ: ഉണ്ണാനും ഉടുക്കാനുമുള്ളതെല്ലാം ഇറക്കുമതിചെയ്ത് മക്കളെ ഉത്പാദിപ്പിച്ച് കയറ്റുമതി ചെയ്യുന്നവരായി മലയാളി മാറിയെന്ന് തിരക്കഥാകൃത്ത് രൺജി പണിക്കർ. മാതൃഭൂമി സീഡ് അവാർഡുദാന ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
നെല്ലറയായ കുട്ടനാടിനെയാണ് ചേരരാജാക്കന്മാർ തലസ്ഥാനമാക്കിയത്. വീടിന്റെ ഭൂരിഭാഗവും നെല്ലും തേങ്ങയും സംഭരിക്കാനാണ് കുട്ടനാട്ടുകാർ നീക്കിവച്ചിരുന്നത്. എന്നാൽ, പുതിയ ജീവിത ശൈലി എല്ലാം മാറ്റി. പുഴയിലെ വെള്ളം കോരിക്കുടിച്ച കാലം പോയി. അധ്യാപകനും കൃഷിക്കാരനുമാക്കാൻ ആരും മക്കളെ വളർത്താതായി. നിത്യോപയോഗ സാധനങ്ങളെല്ലാം ഇറക്കുമതി ചെയ്യുന്നു. ഉത്പാദിപ്പിക്കുന്നത് മക്കളെ മാത്രം. അവരെ വിദേശത്തേക്ക് കയറ്റിയും വിടുന്നു.
ഒരുമരത്തിന്റെ (കേരം-കേരളം) പേരിൽ അറിയപ്പെടുന്ന നാടിന്റെ ഗതിയാണിത്.
വീണ്ടുമൊരു നവോത്ഥാനത്തിന് കാലം കൊതിക്കുന്നു. കൊയ്ത്തുകഴിഞ്ഞ് പമ്പാനദിയിൽ നിന്നും കുളത്തിൽ നിന്നും വെളളം കോരിക്കുടിക്കുന്നതിനുള്ള പോരാട്ടത്തിന് സീഡ് പ്രചോദനമാകണമെന്നും അദ്ദേഹം പറഞ്ഞു.
പരിസ്ഥിതി ദുർബലപ്പെടുമ്പോൾ കുട്ടികൾ ധീരരാവണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. യു.പ്രതിഭ ഹരി പറഞ്ഞു.
ദൈവങ്ങൾക്കുള്ള താമരയും തുളസിയും പോലും നമുക്കുണ്ടാക്കാൻ കഴിയുന്നില്ല. പ്രകൃതിയെ ഉണർത്തിയാൽ സ്വർഗമാണ് കിട്ടുന്നത്. തോൽക്കുമ്പോൾ ആത്മഹത്യ ചെയ്യുകയല്ല, ഉയിർത്തെഴുന്നേൽക്കുകയാണ് വേണ്ടത്. അതിന് ‘സീഡും’ ‘നാം മുന്നോട്ട്’ എന്നെഴുതിയ മാതൃഭൂമി സ്ഥാപക പത്രാധിപർ കെ.പി. കേശവമേനോന്റെ പാരമ്പര്യവും നമുക്ക് ഊർജം പകരുമെന്നും അവർ പറഞ്ഞു. സ്നേഹത്തിലൂടെ ശത്രുവിനെ ഇല്ലാതാക്കുന്നതിന്റെ മാതൃകയാണ് മാതൃഭൂമി സീഡ് നൽകുന്നതെന്ന് വിദ്യാഭ്യാസ ഉപ ഡയറക്ടർ ജിമ്മി കെ.ജോസ് പറഞ്ഞു. ലവ് പ്ലാസ്റ്റിക് പദ്ധതി അതിനുദാഹരണമാണ്. പൂമ്പാറ്റയും വെള്ളവും ഇല്ലാതായാൽ നാശമാണ്. മനുഷ്യൻ ഇല്ലാതായാൽ പ്രകൃതിക്ക് ഒന്നുമില്ല. മനുഷ്യനാണ് പ്രകൃതിയെ വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
മാതൃഭൂമി സീഡ് പ്രവർത്തകർക്ക് തീരസംരക്ഷണത്തിന് 2,000 വൃക്ഷത്തൈ നൽകുമെന്ന് സോഷ്യൽ ഫോറസ്ട്രി റേഞ്ച് ഓഫീസർ രവീന്ദ്രൻ അറിയിച്ചു.
ചടങ്ങിൽ ബെസ്റ്റ് ടീച്ചർ കോ-ഓർഡിനേറ്റർക്കുള്ള അവാർഡ് ചത്തിയറ വി.വി.എച്ച്.എസ്. സ്കൂളിലെ ബീഗം കെ.രഹ്ന വിദ്യാഭ്യാസ ഉപ ഡയറക്ടർ ജിമ്മി കെ. ജോസിൽനിന്ന് ഏറ്റുവാങ്ങി. തുടർന്ന് മാവേലിക്കര, ചേർത്തല, ആലപ്പുഴ, കുട്ടനാട് വിദ്യാഭ്യാസ ജില്ലാതല അവാർഡുകളും പ്രോത്സാഹന സമ്മാനങ്ങളും വിതരണം ചെയ്തു.