ഹരിപ്പാട്: മഴപെയ്യുമ്പോള്‍ മുറി അടച്ചിരിക്കുന്നവരല്ല നങ്ങ്യാര്‍കുളങ്ങര ഗവ.യു.പിഎസ്സിലെ കുട്ടിക്കൂട്ടം .സ്‌കൂളിലായാലും വീട്ടിലായാലും അവര്‍ മഴക്കൊപ്പമായിരിക്കും. മഴ മണ്ണിലെത്തി ഒഴുകുന്ന വഴികളൊക്കെ കണ്ടെത്തി നോട്ടുബുക്കില് കുറിച്ചു വയ്ക്കുന്ന അവര്‍ ഒരോ ദിവസത്തെയും മഴയുടെ കണക്കെടുപ്പു നടത്തുന്നു. ഇങ്ങനെ മഴയുമായി ചങ്ങാത്തം കൂടിയ കുട്ടികളെ തേടി മാതൃഭൂമി സീഡിന്റെ അംഗീകരാമെത്തി. ആലപ്പുഴ റവന്യൂ ജില്ലയിലെ ഹരിത വിദ്യാലയങ്ങളില്‍ മൂന്നാം സമ്മാനമാണ് ഈ സര്‍ക്കാര്‍ സ്‌കൂള്‍ സ്വന്തമാക്കിയത്. കുട്ടികള്‍ക്ക് വഴികാട്ടിയായി അവരോടൊപ്പമുള്ള സീഡ് കോഓര്‍ഡിനേറ്റര്‍ കെ. രാജശ്രീയും അംഗീകാരത്തിന്റെ തിളക്കത്തിലാണ്. വിദ്യാഭ്യാസ ജില്ലയിലെ മികച്ച സീഡ് കോഓര്‍ഡിനേറ്റര്‍ക്കുള്ള പുരസ്‌കാരം രാജശ്രീക്കാണ്. ശനിയാഴ്ച ആലപ്പുഴയില്‍ ചേരുന്ന സമ്മേളനത്തില്‍ ഇവര്‍ പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങും.
സര്‍ക്കാര്‍ സ്‌കൂളിന്റെ പരിമിതികളോട് മല്ലടിച്ചാണ് നങ്ങ്യാര്‍കുളങ്ങര ഗവ.യു.പിഎസ്സ് തിളക്കമാര്‍ന്ന വിജയം നേടിയിരിക്കുന്നത്. മഴവെള്ളക്കൊയ്ത്തിലൂടെ കുടിവെളള ക്ഷാമം ശാശ്വതമായി പരിഹരിക്കാമെന്ന സന്ദശമാണ് ഇവിടുത്തെ കുരുന്നുകള്‍ മുന്നോട്ടുവച്ചത്. കഴിഞ്ഞ ജൂണ്‍ ജൂലായ് മാസങ്ങളിലെ മഴ ദിനങ്ങളാണ് ഇവര്‍ പഠന വിഷമാക്കിയത്. ഒമ്പത് കുട്ടികള്‍ വീതമുള്ള നാല് സംഘങ്ങളായാണ് പഠനം നടത്തിയത്. ഉപയോഗ ശൂന്യമായ പ്ലാസ്റ്റിക്ക് കുപ്പിയില്‍ സ്‌കെയില്‍ വരച്ചു ചേര്‍ത്താണ് ഇവര്‍ മഴ മാപിനി തയ്യറാക്കിയത്. സ്‌കൂള്‍ മുറ്റത്തുവച്ച മഴമാപിനിയില്‍ ഓരോ ദിവസവും നിറഞ്ഞ വെള്ളത്തിന്റെ കണക്കെടുപ്പ് നടത്തി. മഴയുടെ ഏറ്റക്കുറച്ചില് വിശദമാക്കുന്ന ചാര്‍ട്ട് തയ്യാറാക്കി. തുടര്‍ന്ന് മഴവെള്ളം കിണറുകളിലേക്കും മഴക്കുഴികളിലേക്കും മണ്ണിലേക്കും തിരിച്ചുവിടുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ വിശദമാക്കുന്ന സെമിനാര്‍ നടത്തി.
10 കുട്ടികള്‍ സീസണ്‍ വാച്ചിനായി മുന്നിട്ടിറങ്ങി. സ്‌കൂളില്‍ മാതൃഭൂമി മുന്‍കൈയെടുത്ത് നടത്തിയ സീസണ്‍ വാച്ച് സെമിനാറില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് കുട്ടികള്‍ ഇതിന് മുന്നിട്ടിറങ്ങിയത്. സ്‌കൂള്‍ പരസരത്ത് വന്‍തോതില്‍ പച്ചക്കറി കൃഷി നടത്തിയതാണ് ഇവരുടെ മറ്റൊരു നേട്ടം. പടവലം, വെണ്ട, ചീര, കാബേജ്, കോളിഫ്‌ലവര്‍ എന്നിവയെല്ലാം സ്‌കൂള്‍ വളപ്പില്‍ വളര്‍ന്നു.7500 രൂപയിലധികം വിലവരുന്ന പച്ചക്കറികളാണ് ഇവര്‍ വിറ്റത്. സ്‌കൂളിലെ ഉച്ചക്കഞ്ഞിക്ക് ഉപയോഗിച്ചതിന്റെ ബാക്കിയാണ് വിറ്റത്. എന്നിട്ടും ലാഭമുണ്ടാക്കാന്‍ കഴിഞ്ഞു.
ഹെഡ്മിസ്ര്ടസ് രഞ്ജനയും പി.ടി.എ.യും പൂര്‍വവിദ്യാര്‍ഥികളും സീഡിന്റെ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം നില്‍ക്കുന്നു. ഇതുതന്നെയാണ് ഈ സര്‍ക്കാര്‍ സ്‌കൂളിന്റെ അവാര്‍ഡ് നേട്ടത്തിന് ആധാരമായതെന്ന് സീഡ് കോഓര്‍ഡിനേറ്റര്‍ കെ.രാജശ്രീ പറഞ്ഞു.
നങ്ങ്യാര്‍കുളങ്ങര ഗവ.യു.പി.എസ്സിലെ സീഡ് അംഗങ്ങള്‍
പച്ചക്കറി കൃഷിക്കുള്ള ഒരുക്കത്തില്‍ (ഫയല്‍ ചിത്രം)