പ്രകൃതിസംരക്ഷണത്തിനായി മാതൃഭൂമി കുട്ടികള്‍ക്കൊപ്പം നടന്നുതുടങ്ങിയിട്ട് ആറാം വര്‍ഷമാണിത്. മാതൃഭൂമി സീഡ് 2013-14 വര്‍ഷത്തെ പുരസ്‌കാരവിതരണച്ചടങ്ങ് തൃശ്ശൂര്‍ കാര്‍ഷികസര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. പി. രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.
2013-14 വര്‍ഷത്തില്‍ സംസ്ഥാനതലത്തില്‍ രണ്ടാംസ്ഥാനത്തിനുള്ള വിശിഷ്ട ഹരിതവിദ്യാലയപുരസ്‌കാരവും സീസണ്‍വാച്ച് സംസ്ഥാനതല രണ്ടാംസ്ഥാനവും പാലക്കാട് ജില്ലയ്ക്ക് ലഭിച്ചു. സംസ്ഥാനതലത്തില്‍ രണ്ടാമതെത്തിയ ചുണ്ടമ്പറ്റ ബി.വി.യു.പി. സ്‌കൂളിന് 75,000 രൂപയും സര്‍ട്ടിഫിക്കറ്റും ഫലകവും നല്‍കി. മിനി ലാപ്‌ടോപ്പും ഫലകവും സര്‍ട്ടിഫിക്കറ്റും ഉള്‍പ്പെട്ട പുരസ്‌കാരം സീസണ്‍വാച്ച് പദ്ധതിയില്‍ സംസ്ഥാനതലത്തില്‍ രണ്ടാംസ്ഥാനം നേടിയ പെരുമുടിയൂര്‍ ജി.ഒ.എച്ച്.എസ്. സ്‌കൂള്‍ ഏറ്റുവാങ്ങി. പാലക്കാട് റവന്യുജില്ലയിലെ മികച്ച സ്‌കൂളിനുള്ള ശ്രേഷ്ഠ ഹരിതവിദ്യാലയ പുരസ്‌കാരം ഭീമനാട് ജി.യു.പി. സ്‌കൂളിന് ലഭിച്ചു. 25,000 രൂപയും സര്‍ട്ടിഫിക്കറ്റും ഫലകവുമാണ് പുരസ്‌കാരം. ചെറുമുണ്ടശ്ശേരി എ.യു.പി. സ്‌കൂളും ബമ്മണൂര്‍ ജി.യു.പി. സ്‌കൂളുമാണ് യഥാക്രമം ഒറ്റപ്പാലം, പാലക്കാട് വിദ്യാഭ്യാസജില്ലകളിലെ മികച്ച ഹരിതവിദ്യാലയങ്ങളായത്.