ആനക്കര: ആനക്കര കൃഷിഭവനും ആനക്കര ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സീഡ് എന്‍.എസ്.എസ്. യൂണിറ്റും കൈകോര്‍ത്തതോടെ മലമല്‍ക്കാവ് ഗ്രാമത്തിലെ നൂറുവീടുകളില്‍ ജൈവ പച്ചക്കറിക്കൃഷിക്ക് തുടക്കമാകും. യു.പി. രവീന്ദ്രനാഥിന്റെ നേതൃത്വത്തിലുള്ള നിള എ ഗ്രേഡ് വെജിറ്റബിള്‍ ക്ലസ്റ്ററാണ് ആവശ്യമായ തൈകള്‍ ഉത്പാദിപ്പിച്ച് കൃഷിഭവന് കൈമാറിയത്. അഗ്രോ ബാഗുകളില്‍ ജൈവവളം ചേര്‍ത്തൊരുക്കിയ മണ്ണിലാണ് കുട്ടികള്‍ പച്ചക്കറിത്തൈകള്‍ നടുക. ഓരോ വീട്ടിലും കുട്ടികള്‍ നേരിട്ടെത്തി അഞ്ചുവീതം തൈകള്‍ നട്ടുകൊടുക്കും. ജൈവ പച്ചക്കറിക്കൃഷിയുടെ തുടര്‍ച്ചയെക്കുറിച്ചുള്ള നിര്‍ദേശങ്ങളും കുട്ടികള്‍ നല്‍കും.
പൈപ്പ് കമ്പോസ്റ്റ് നിര്‍മാണം താത്പര്യമുള്ളവര്‍ക്ക് അതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കും. കുട്ടികള്‍ക്കാവശ്യമായ അഗ്രോ ബാഗുകള്‍ ആനക്കര സഹകരണ മര്‍ക്കന്റയിന്‍ ബാങ്ക് പ്രസിഡന്റ് പി.എം. അസീസും തൈകള്‍ കൃഷി അസിസ്റ്റന്റ് മനോജും കുട്ടികള്‍ക്ക് കൈമാറി. പരിപാടിയുടെ ഔപചാരികമായ ഉദ്ഘാടനം വി.ടി. ബല്‍റാം എം.എല്‍.എ. നിര്‍വഹിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബഷീര്‍ അധ്യക്ഷനായി. സി.പി. ശ്രീകണ്ഠന്‍, ജയ ശിവശങ്കരന്‍, അംബികാ ശ്രീധരന്‍, ഇ. പരമേശ്വരന്‍കുട്ടി, ശശി മലമല്‍ക്കാവ്, അച്യുതന്‍, ഒ.കെ.എം. നീലകണ്ഠന്‍, ഗിരിജ, ഡി.എസ്. ഗോപാലന്‍, പി.വി. സേതുമാധവന്‍, എം.പി. സതീഷ് എന്നിവര്‍ പ്രസംഗിച്ചു.