ഒറ്റപ്പാലം: സ്‌നേഹത്തിന്റെയും നന്മയുടെയും കുഞ്ഞുസേവനവുമായി ക്രിസ്മസ് കാലം വേറിട്ടതാക്കുകയാണ് ചെറുമുണ്ടശ്ശേരിയിലെ കൊച്ചുകൂട്ടുകാര്‍. 'ഊര്‍ജ്ജസംരക്ഷണം -വീട്ടിലും നാട്ടിലും' എന്ന പദ്ധതിയുടെ ഭാഗമായി ചെറുമുണ്ടശ്ശേരി യു.പി. സ്‌കൂളിലെ ഹരിതം സീഡ് ക്ലബ്ബംഗങ്ങള്‍ അഞ്ച് വീടുകളില്‍ എല്‍.ഇ.ഡി. വിളക്കുകള്‍ വിതരണം ചെയ്ത് മാതൃകയാകുകയാണ്.
'പ്ലാസ്റ്റിക് ബാഗുകള്‍ ഒഴിവാക്കി ഭൂമിക്ക് നന്മയുടെ തണലൊരുക്കൂ' എന്ന സന്ദേശവുമായി സീഡ് ക്ലബ്ബ് തയ്യാറാക്കിയ തുണിസഞ്ചികളും വീടുകളില്‍ വിതരണം ചെയ്തു. പ്രകൃതിസ്‌നേഹത്തോടൊപ്പം സാമൂഹികബോധവും വളര്‍ത്തുകയെന്നതാണ് ഇവരുടെ ലക്ഷ്യം. സീഡ് കോ-ഓര്‍ഡിനേറ്റര്‍ എന്‍. അച്യുതാനന്ദന്‍, കെ. മഞ്ജു, എം.ബി. വിഷ്ണു, കെ. രശ്മി, കെ. അഞ്ജലി, കെ. ധന്യ എന്നിവര്‍ നേതൃത്വം നല്‍കി.