കാസര്‍കോട്:ആവശ്യത്തിലധികം ഒരു നുള്ളുപോലും ഭക്ഷണം കഴിക്കില്ലെന്നും ഒരുതരി പോലും പാഴാക്കില്ലെന്നും നെഞ്ചില്‍തൊട്ട് പ്രതിജ്ഞയെടുത്ത് മാതൃഭൂമി സീഡിന്റെ അഞ്ചാംവര്‍ഷത്തെ ജില്ലയിലെ പ്രവര്‍ത്തനത്തിന് തുടക്കം. ആരോഗ്യകരമായ ഭക്ഷ്യസംസ്‌കാരം വളര്‍ത്തിയെടുക്കുക, ജലം സംരക്ഷിക്കുക എന്നീ കാര്യങ്ങളില്‍ ഊന്നിയാണ് ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍.കാസര്‍കോട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍നടന്ന ചടങ്ങില്‍ വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ.ശ്രീകൃഷ്ണ അഗ്ഗിത്തായയാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. ദേശീയ അന്തര്‍ദേശീയ പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടിയ മാതൃകാപദ്ധതിയായ സീഡുമായി ജില്ലയിലെ എല്ലാ വിദ്യാലയങ്ങളും കൈകോര്‍ക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സ്‌കൂള്‍സന്ദര്‍ശന വേളയില്‍ ഇക്കാര്യം പരിശോധിക്കുമെന്നും ശ്രീകൃഷ്ണ അഗ്ഗിത്തായ പറഞ്ഞു. കാസര്‍കോട് വിദ്യാഭ്യാസ ജില്ലാ ഓഫീസര്‍ പി.രവീന്ദ്രനാഥ് അധ്യക്ഷനായി. ഫെഡറല്‍ ബാങ്ക് സീനിയര്‍ മാനേജര്‍ പി.ഐ.സുധാകരന്‍ മുഖ്യാതിഥിയായിരുന്നു. കാസര്‍കോട് നഗരസഭാ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അബ്ബാസ് ബീഗം വൃക്ഷത്തൈ വിതരണം ഉദ്ഘാടനം ചെയ്തു. പരിസ്ഥിതിപ്രവര്‍ത്തകന്‍ നാരായണന്‍ പേരിയ, സ്‌കൂള്‍ പി.ടി.എ. പ്രസിഡന്റ് എം.എസ്.മുഹമ്മദ് കുഞ്ഞി, പ്രധാനാധ്യാപിക എം.ബി.അനിതാഭായി, ഹയര്‍ സെക്കന്‍ഡറി അധ്യാപകന്‍ വത്സന്‍ പിലിക്കോട്, സ്റ്റാഫ് സെക്രട്ടറി പി.കെ.സുരേശന്‍, ബേബി സി.നായര്‍ എന്നിവര്‍ സംസാരിച്ചു.മാതൃഭൂമി സീനിയര്‍ കറസ്‌പോണ്ടന്റ് കെ.രാജേഷ് കുമാര്‍ സ്വാഗതവും സ്‌കൂള്‍ സീഡ് കോ ഓര്‍ഡിനേറ്റര്‍ പി.ടി.ഉഷ നന്ദിയും പറഞ്ഞു. ഫെഡറല്‍ ബാങ്കുമായി ചേര്‍ന്നാണ് സീഡിന്റെ പ്രവര്‍ത്തനം ക്രമീകരിച്ചിരിക്കുന്നത്.