കൂട്ടിക്കല്‍, കൊക്കയാര്‍, മുണ്ടക്കയം ഗ്രാമപ്പഞ്ചായത്തുകളിലെ ആയിരക്കണക്കിന് ആളുകളുടെ പ്രധാന കുടിവെള്ളസ്രോതസായ പുല്ലകയാറില്‍ രൂക്ഷമായ മണല്‍ വാരല്‍ നടക്കുന്നു.
ഇളംകാട്, ഏന്തയാര്‍, കൂട്ടിക്കല്‍ മേഖലയില്‍ രാപകല്‍ ഭേദമെന്യേ മണല്‍വാരല്‍ ഉണ്ട്. ഇതുമൂലം നദിയില്‍ വന്‍ കുഴികള്‍ രൂപപ്പെട്ടുകൊണ്ടിരിക്കുന്നു. ഈ കുഴികള്‍ അപകടക്കെണിയായി മാറിയിരിക്കുന്നു.
വര്‍ഷത്തില്‍ എട്ട് മാസവും മഴ ലഭിക്കുന്ന ഈ പ്രദേശത്ത് രൂക്ഷമായ മണല്‍വാരല്‍ നദീജലം മുഴുവന്‍ ഒഴുകിപ്പോകാന്‍ ഇടയാക്കുന്നു.
നദീ ജലം ക്രമാതീതമായി കുറയുമ്പോള്‍ തീര പ്രദേശങ്ങളിലെ കിണറുകള്‍ പെട്ടെന്ന് വറ്റുന്നു. ഈ പ്രശ്‌നത്തില്‍ ബന്ധപ്പെട്ടവരുടെ ശ്രദ്ധ പതിഞ്ഞില്ലെങ്കില്‍ പുല്ലകയാറ്റില്‍ പാറക്കൂട്ടങ്ങള്‍ മാത്രമായിരിക്കും അവശേഷിക്കുക.
വീടുകളില്‍നിന്നും ചില സ്ഥാപനങ്ങളില്‍നിന്നുമുള്ള മാലിന്യങ്ങള്‍ കൈവഴികളില്‍കൂടിയും നേരിട്ടും നദിയില്‍ എത്തുന്നു. കിലോക്കണക്കിന് പ്ലാസ്റ്റിക് മാലിന്യങ്ങളാണ് നദിയിലാകെ കാണാന്‍ കഴിയുന്നത്. മഞ്ഞപ്പിത്തംപോലുള്ള മാരക രോഗങ്ങള്‍ പടരാന്‍ വിവിധതരം മാലിന്യങ്ങള്‍ കാരണമാകുന്നുണ്ട്.
അനേകായിരം പേര്‍ക്ക് ജീവജലം നല്‍കിക്കൊണ്ടിരിക്കുന്ന ഈ പുണ്യവാഹിനിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയിലേക്ക് സീഡ് ക്ലബ്ബ് ഏവരുടെയും ശ്രദ്ധ ക്ഷണിക്കുന്നു.
സീഡ് റിപ്പോര്‍ട്ടര്‍
ജെ.ജെ.മര്‍ഫി മെമ്മോറിയല്‍
ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍,
ഏന്തയാര്‍.