ഈരാറ്റുപേട്ട: എത്ര പുരോഗതിയുണ്ടായാലും മനുഷ്യന്‍ നിലനില്‍ക്കണമെങ്കില്‍ പരിസ്ഥിതിയും സംരക്ഷിക്കപ്പെടണമെന്ന് അഡീഷണല്‍ ഡിസ്ട്രിക്റ്റ് ആന്‍ഡ് സെഷന്‍സ് ജഡ്ജി എസ്. ഷാജഹാന്‍ പറഞ്ഞു. കോട്ടയം ജില്ലാതല മാതൃഭൂമി സീഡ്(സ്റ്റുഡന്റ് എംപവ്വര്‍മെന്റ് ഫോര്‍ എന്‍വയോണ്‍മെന്റല്‍ ഡെവലപ്‌മെന്റ്) പുരസ്‌ക്കാര സമര്‍പ്പണസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പരിസ്ഥിതി സംരക്ഷിച്ചില്ലെങ്കില്‍ നമ്മുടെ പുഴകളും, മലകളും,മരങ്ങളും ഇല്ലാതെയാവും. സമൂഹത്തിലെ എല്ലാവിഭാഗക്കാരെയും പരിസ്ഥിതി സംരക്ഷണത്തില്‍ പങ്കാളികളാക്കണമെന്ന് ഭരണഘടനയില്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.ആഴ്ചയില്‍ ഒരു ദിവസമെങ്കിലും നമ്മുടെ സ്‌കൂളുകളിലെ അധ്യാപകര്‍ പരിസ്ഥിതിയെക്കുറിച്ച് പഠിപ്പിക്കണമെന്ന് കോടതിവിധികളുണ്ട്. ഈ നിയമങ്ങളൊക്കെ നാമിന്ന് വായിച്ചു മറക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സമൂഹം വളര്‍ന്നാല്‍ മാത്രമേ രാജ്യം വളരുകയുള്ളൂ. അതിനായി കുട്ടികളെ തയ്യാറാക്കാന്‍ മാതൃഭൂമി ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണെന്നും അദ്ദേഹം പറഞ്ഞു. കുട്ടികള്‍ പുസ്തകങ്ങളിലൂടെ മാത്രം ജീവിക്കുകയല്ല വേണ്ടതെന്നും അവര്‍ സമൂഹത്തിലേയ്ക്ക് ഇറങ്ങിച്ചെല്ലാന്‍ തയ്യാറാകണമെന്നും ചടങ്ങില്‍ അധ്യക്ഷത വഹിച്ച ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ജെസ്സിജോസഫ് പറഞ്ഞു.കുട്ടികളിലേയ്ക്ക് കാര്‍ഷികസംസ്‌ക്കാരം എത്തിക്കാന്‍ രക്ഷാകര്‍ത്താക്കള്‍കൂടി തയ്യാറാകണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
എരുമേലി ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ ഷാന്റി ടോം, ഫെഡറല്‍ ബാങ്ക് പാലാ മേഖലാ മേധാവിയും എ. ജി.എമ്മുമായ ടോം തോമസ് തെക്കേല്‍, അഗ്രിക്കള്‍ച്ചറല്‍ ഓഫീസര്‍ ആര്‍.സന്ധ്യ, ഈരാറ്റുപേട്ട മുസ്ലീം ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ മാനേജര്‍ പ്രൊഫ.എം.കെ.ഫരീദ്, എന്നിവര്‍ സംസാരിച്ചു. മാതൃഭൂമി ന്യൂസ് എഡിറ്റര്‍ ടി. കെ. രാജഗോപാല്‍ സ്വാഗതവും മാര്‍ക്കറ്റിങ് എക്‌സിക്യൂട്ടീവ് ജിബി ജോസഫ് നന്ദിയും പറഞ്ഞു. സീനിയര്‍ റീജണല്‍ മാനേജര്‍ എസ്. രാജേന്ദ്രപ്രസാദ്, മുസ്ലീം ഗേള്‍സ് ഹൈസ്‌കൂള്‍ പ്രഥമാധ്യാപിക ആര്‍. ഗീത,പി. ടി. എ. പ്രസിഡന്റ് സുഹ്‌റ അബ്ദുള്‍ഖാദര്‍ എന്നിവരും പങ്കെടുത്തു. സമ്മേളനത്തിനുശേഷം മുസ്ലീം ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികളുടെ നാടന്‍പാട്ടുമുണ്ടായിരുന്നു.
ജില്ലയില്‍ ശ്രേഷ്ഠഹരിതവിദ്യാലയം നേടിയ ഈരാറ്റുപേട്ട മുസ്ലീം ഗേള്‍സ് എച്ച് എസ്.എസിനുള്ള പുരസ്‌ക്കാരം അഡീഷണല്‍ ഡിസ്ട്രിക്റ്റ് ആന്‍ഡ് സെഷന്‍സ് ജഡ്ജി എസ്. ഷാജഹാന്‍ വിതരണം ചെയ്തു. 25000 രൂപയും പ്രശസ്തിപത്രവും ട്രോഫിയുമാണ് പുരസ്‌ക്കാരം. വിദ്യാഭ്യാസജില്ലകളില്‍നിന്ന് ഹരിതവിദ്യാലയപുരസ്‌ക്കാരം നേടിയ ശ്രീനാരായണ പബ്ലിക് സ്‌കൂള്‍ ചാന്നാനിക്കാട് (കോട്ടയം), കെ. ടി.ജെ.എം.എച്ച്.എസ്. ഇടമറ്റം(പാലാ), സെന്റ് തോമസ് എച്ച്.എസ്. കല്ലറ(കടുത്തുരുത്തി)അരവിന്ദവിദ്യാമന്ദിരം സീനിയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പള്ളിക്കത്തോട്.(കാഞ്ഞിരപ്പള്ളി)എന്നിവയ്ക്കുള്ള പുരസ്‌ക്കാരവും ചടങ്ങില്‍ വിതരണം ചെയ്തു. 15000 രൂപയും പ്രശസ്തിപത്രവും ട്രോഫിയും ആണ് പുരസ്‌ക്കാരം.