ചാരുംമൂട്: ചുനക്കര ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിന്റെ സമീപത്തെ കടകളില്‍ നിന്ന് നിരോധിച്ച പുകയില ഉത്പന്നങ്ങള്‍ കുറത്തികാട് പോലീസ് പിടിച്ചെടുത്തു. സ്കൂളിലെ "മാതൃഭൂമി' സീഡ് പോലീസ് അംഗങ്ങള്‍ നല്‍കിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് അധ്യാപകര്‍ കുറത്തികാട് പോലീസില്‍ അറിയിച്ചത്.
ഹാന്‍സ്, പാന്‍പരാഗ്, ഗുഡ്ക്ക എന്നിവയാണ് പിടിച്ചെടുത്തത്. തുച്ഛമായ വിലയ്ക്ക് കടക്കാര്‍ക്ക് ലഭിക്കുന്ന പുകയില ഉത്പന്നങ്ങള്‍ കൂടിയ വിലയ്ക്കാണ് വിറ്റിരുന്നത്. വിദ്യാര്‍ഥികളും കടകളില്‍നിന്ന് ഇവ വാങ്ങി ഉപയോഗിച്ചിരുന്നു.പോലീസിനൊപ്പം സീഡ് പോലീസ് അംഗങ്ങളും വി.എച്ച്.എസ്.ഇ. വിഭാഗം എന്‍.എസ്.എസ്. വളന്റിയര്‍മാരും പരിശോധനയില്‍ പങ്കെടുത്തു. കുറത്തികാട് എസ്.ഐ. അജീബ്, എ.എസ്.ഐ. ബഷീര്‍ അഹമ്മദ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ അരുണ്‍, സിവില്‍ പോലീസ് ഓഫീസര്‍ ഷരീഫ്, സീഡ് കോ-ഓര്‍ഡിനേറ്റര്‍ ജെ.ജഫീഷ്, അധ്യാപകരായ ജോസി, ഷംനാദ്, സീഡ് പോലീസ് അംഗങ്ങളായ കൃഷ്ണകുമാര്‍, അഖില്‍, രാഹുല്‍രാജ്, ജിബു, ദിപിന്‍ദാസ് തുടങ്ങിയവര്‍ റെയ്ഡില്‍ പങ്കെടുത്തു. പുകയില ഉത്പന്നങ്ങള്‍ വില്ക്കുന്ന കടകള്‍ അടച്ചുപൂട്ടാന്‍ നടപടി സ്വീകരിക്കണമെന്ന് പി.ടി.എ.പ്രസിഡന്റ് മനോജ് കമ്പനിവിള, പ്രിന്‍സിപ്പല്‍മാരായ അന്നമ്മ ജോര്‍ജ്, വി.ആര്‍.മോഹനചന്ദ്രന്‍, ഹെഡ്മിസ്ട്രസ് കെ.ഷീലാമണി എന്നിവര്‍ ആവശ്യപ്പെട്ടു.