കാങ്കോല്‍ആലപ്പടമ്പ് പഞ്ചായത്തില്‍ ജൈവ തടയണയുമായി സീഡ് കുട്ടികള്‍

Posted By : knradmin On 15th December 2014


 

 
പയ്യന്നൂര്‍: കാങ്കോല്‍ആലപ്പടമ്പ് പഞ്ചായത്തില്‍ കര്‍ഷകരെ സഹായിക്കുന്നതിനായി ജൈവതടയണകള്‍ നിര്‍മിച്ച് ഏറ്റുകുടുക്ക എ.യു.പി. സ്‌കൂളിലെ സീഡ് കുട്ടികള്‍ മാതൃകയാകുന്നു. 15ഓളം തടയണകള്‍ വിവിധ സ്ഥലങ്ങളിലായി നിര്‍മിക്കുകയാണ് കുട്ടികളുടെ ലക്ഷ്യം. ഇതിനായി അതതു പ്രദേശങ്ങളിലെ സ്‌കൂളുകളുടെയും സന്നദ്ധസംഘടനാ പ്രവര്‍ത്തകരുടെയും കര്‍ഷകരുടെയും സഹായവും കുട്ടികള്‍ തേടുന്നുണ്ട്.
കാങ്കോല്‍ആലപ്പടമ്പ് പഞ്ചായത്തില്‍ പെടുന്നതും കാസര്‍കോട് ജില്ലയില്‍നിന്ന് ഉത്ഭവിക്കുന്നതുമായ കരിയാപ്പ് തോട്, പീതോട്, പായ്യംതോട് എന്നീ പ്രധാന തോടുകളും കിഴക്കേച്ചാല്‍, വടക്കേക്കര തോട് സംഗമിക്കുന്ന മുക്കൂട്ടുമുതല്‍ കരിങ്കുഴി വരെയുള്ള പ്രദേശങ്ങളിലെ കര്‍ഷകര്‍ക്ക് സഹായകമാകുംവിധത്തിലാണ് തടയണനിര്‍മാണം. നെല്‍ക്കൃഷിക്കും മറ്റുകൃഷികള്‍ക്കും വെള്ളം ലഭ്യമാക്കുകയും സംരക്ഷിക്കുകയും ചെയ്യുകയാണ് ലക്ഷ്യം.
തലപോയ കവുങ്ങ്, പാള, പട്ട, തെങ്ങിന്റെ ഓല, പനമ്പട്ട തുടങ്ങിയവ ഉപയോഗിച്ചാണ് തടയണനിര്‍മാണം. ഏറ്റുകുടുക്ക എ.യു.പി. സ്‌കൂള്‍ സീഡ് കോ ഓര്‍ഡിനേറ്റര്‍ കെ.രവീന്ദ്രന്‍ കുട്ടികള്‍ക്ക്  മാര്‍ഗനിര്‍ദേശം നല്‍കി.
 

Print this news