കോട്ടയം: കന്നിവിളവ് 'മാതൃഭവന'ത്തിന്

Posted By : ktmadmin On 15th December 2014


കോട്ടയം: വിദ്യാലയമുറ്റത്ത് കുഞ്ഞിക്കൈകള്‍ വിളയിച്ച പച്ചക്കറിയിലെ ആദ്യവിളവ് ആരോരുമില്ലാത്ത അമ്മമാര്‍ക്ക്. കാരിക്കോട് കോയിക്കല്‍ ഏബ്രഹാം മെമ്മോറിയല്‍ യു.പി.സ്‌കൂളിലെ സീഡ് പ്രവര്‍ത്തകരാണ് മാതൃക കാട്ടിയത്.
200 ബാഗുകളില്‍ വെണ്ട, വഴുതന, പച്ചമുളക്, ചീര, തക്കാളി, കോളിഫ്‌ളവര്‍ എന്നിവ കൃഷി ചെയ്തു. ഇതില്‍ ആദ്യം പാകമായ വെണ്ടയ്ക്ക സ്‌കൂളിന് സമീപത്തെ അഗതിമന്ദിരത്തിലെ അന്തേവാസികളായ അമ്മമാര്‍ക്ക് നല്‍കി. അഞ്ച് കിലോ വെണ്ടയ്ക്കയാണ് നല്‍കിയത്. കുമ്പളങ്ങ, മത്തങ്ങ എന്നിവയും കൃഷി ചെയ്യുന്നുണ്ട്.
സീഡ് ടീച്ചര്‍ കോഓര്‍ഡിനേറ്ററുടെയും മറ്റ് അധ്യാപകരുടെയും പി.ടി.എ., മാനേജ്‌മെന്റ് എന്നിവരുടെ സഹകരണത്തോടെയുമാണ് പദ്ധതി നടപ്പാക്കുന്നത്. ശനിയാഴ്ച അടക്കമുള്ള അവധിദിവസങ്ങള്‍ കാര്‍ഷികപ്രവര്‍ത്തനത്തിന് വിനിയോഗിക്കും. സ്‌കൂളിനടുത്ത് താമസിക്കുന്ന 20 വിദ്യാര്‍ഥികള്‍ ഉള്‍പ്പെടുന്ന സംഘത്തെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. മുളക്കുളം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.വാസുദേവന്‍ നായര്‍ കന്നിവിളവെടുപ്പ് നടത്തി. മുളക്കുളം കൃഷി ഓഫീസര്‍ റംലാബീവി, സ്‌കൂള്‍ അസി. മാനേജര്‍ ബീന ഇട്ടിയവിര, സ്റ്റാഫ് സെക്രട്ടറി ഫാ. കെ.ഒ.ജോയി, സ്‌കൂള്‍ പ്രഥമാധ്യാപിക കെ.ആര്‍.ലില്ലിക്കുട്ടി, സീഡ് ടീച്ചര്‍ കോഓര്‍ഡിനേറ്റര്‍ ജിനി ഐസക്, അധ്യാപകരായ ജിബു ഏലിയാസ്, മേരി അഗസ്റ്റിന്‍, പി.ടി.എ. പ്രസിഡന്റ് മുരളി, എം.ടി.എ. അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.





 

Print this news