കൊതുക് നശീകരണത്തിന് പ്രകൃതിദത്ത പദ്ധതിയുമായി വള്ളികുന്നം പഞ്ചായത്ത്

Posted By : Seed SPOC, Alappuzha On 31st July 2013


വള്ളികുന്നം: സമ്പൂര്‍ണ കൊതുക് നശീകരണത്തിന് രാസവസ്തുക്കള്‍ ഒഴിവാക്കി പ്രകൃതിദത്ത പരിഹാരവുമായി വള്ളികുന്നം ഗ്രാമപ്പഞ്ചായത്ത് പദ്ധതി. ഭാരതീയ ചികിത്സാ വകുപ്പിന്റെ നേതൃത്വത്തില്‍ വള്ളികുന്നം എ.ജി.ആര്‍.എം. ഹയര്‍സെക്കന്‍ഡറി സ്കൂളിലെ "മാതൃഭൂമി' സീഡ് ക്ലബ്, എന്‍.സി.സി. യൂണിറ്റ് എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. പകര്‍ച്ചവ്യാധി പ്രതിരോധവും നിയന്ത്രണവും എന്ന് പേരിട്ടിരിക്കുന്ന 4,35,000 രൂപയുടെ പദ്ധതിക്ക് ജില്ലാ ആസൂത്രണസമിതിയുടെ അനുമതി ലഭിച്ചു. കേരളത്തില്‍ ആദ്യമായാണ് ഒരു ഗ്രാമപ്പഞ്ചായത്ത് പദ്ധതിയില്‍ കൊതുക് നശീകരണത്തിന് സമ്പൂര്‍ണ ജൈവ വഴി തിരഞ്ഞെടുക്കുന്നതെന്ന് നിര്‍വഹണ ഉദ്യോഗസ്ഥനും ആയുര്‍വേദ മെഡിക്കല്‍ ഓഫീസറുമായ ഡോ. ആര്‍.കൃഷ്ണകുമാര്‍ പറഞ്ഞു. 
പദ്ധതിപ്രകാരം കൊതുക് നശീകരണത്തിന് പഞ്ചായത്തിലെ പതിനെട്ട് വാര്‍ഡുകളിലും പുകയിലയും വേപ്പെണ്ണയുമടങ്ങിയ ജൈവകീടനാശിനി തളിക്കും. കൂടാതെ കൊതുകുകളെ അകറ്റുന്നതിനും അന്തരീക്ഷം ശുദ്ധീകരിക്കുന്നതിനും "അപരാജിത ധൂപം' പഞ്ചായത്തിലെ മുഴുവന്‍ വീടുകളിലും എത്തിച്ച് ഒന്നിച്ച് പുകയ്ക്കുന്ന "ധൂപസന്ധ്യ'യും "ധൂപവാര'വും പദ്ധതി പ്രകാരം നടത്തും. ഇതിനൊപ്പം കുടിവെള്ളത്തില്‍ ചേര്‍ത്ത് തിളപ്പിക്കാനായി രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്ന ഗുളുച്യാദിചൂര്‍ണവും പനിപ്രതിരോധത്തിനായി സുദര്‍ശനം ഗുളികയും പഞ്ചായത്തിലെ മുഴുവന്‍ വീടുകളിലും എത്തിക്കും. വള്ളികുന്നം എ.ജി.ആര്‍. എം.ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ "മാതൃഭൂമി' സീഡ് ക്ലബ്ബിന്റെയും എന്‍.സി.സി., കുടുംബശ്രീ, ആശാ പ്രവര്‍ത്തകരുടെയും സേവനം പ്രയോജനപ്പെടുത്തിയാണ് ജൈവകീടനാശിനി നിര്‍മ്മാണം, മരുന്നുകളുടെ വിതരണം എന്നിവ നടത്തുന്നത്. 
 ഔഷധിയിലെ ഗവേഷണ വിഭാഗത്തിന്റെ സഹായത്താല്‍ ലാര്‍വകളുടെ സാന്ദ്രത, ധൂപനത്തിന്റെ അണുനാശക ശക്തി തുടങ്ങിയവ ശാസ്ത്രീയമായി വിശകലനം ചെയ്യും. വിവരശേഖരണം നടത്തുന്നത് സീഡ് ക്ലബ് പ്രവര്‍ത്തകരാണ്. പ്രകൃതിദത്ത മാര്‍ഗ്ഗങ്ങളിലൂടെ കൊതുക് നശീകരണം നടത്തുന്ന ഈ പദ്ധതി കേരളത്തിന് മാതൃകയായിരിക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജെ.മറിയാമ്മ പറഞ്ഞു. 
   കൊതുക് നശീകരണത്തിനായി ഉപയോഗിക്കുന്ന രാസവസ്തുക്കള്‍ കൊണ്ടുള്ള പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ഒഴിവാക്കാനാണ് മാതൃഭൂമി സീഡ് ക്ലബ്ബുമായി ചേര്‍ന്ന് ജൈവപദ്ധതി നടപ്പാക്കുന്നതെന്ന് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ബി.രാജലക്ഷ്മി പറഞ്ഞു. പദ്ധതിയുമായി മുഴുവന്‍ ജനങ്ങളും സഹകരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. 
 

Print this news