കുപ്പയിലെ മാണിക്യങ്ങളെ പരിചയപ്പെടുത്തി ഔഷധസസ്യ പ്രദര്‍ശനം

Posted By : ptaadmin On 10th December 2014


 ഇരവിപേരൂര്‍: കുപ്പയിലെ മാണിക്യങ്ങളെ പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തി ഇരവിപേരൂര്‍ ഗവണ്മെന്റ് യു.പി.സ്‌കൂളിലെ സീഡ് സംഘം പരിചിതമായതും അല്ലാത്തതുമായ 70 ഔഷധസസ്യങ്ങളെ ഉള്‍പ്പെടുത്തി സ്‌കൂളില്‍ നടത്തിയ പ്രദര്‍ശനം വ്യത്യസ്ത അനുഭവമായി.
വീടിന്റെ ചുറ്റുപാടുകളില്‍ കാണുന്ന സസ്യങ്ങളെയും അവയുടെ ഔഷധഗുണങ്ങളെയുംപറ്റി നടന്ന ക്ലാസ്സും വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും മുതല്‍ക്കൂട്ടായി.
സ്‌കൂളിലെ വിദ്യാര്‍ഥികള്‍തന്നെയാണ് ഔഷധസസ്യങ്ങളെ ശേഖരിച്ച് പ്രദര്‍ശനത്തിന് എത്തിച്ചത്. ഒരുമാസമായി നീണ്ടുനിന്ന പ്രവര്‍ത്തനമാണ് കുട്ടികള്‍ ഇതിനായി നടത്തിയത്.
സസ്യങ്ങളുടെ ഗുണത്തെപ്പറ്റിയും ആയുര്‍വേദ ചികിത്സയില്‍ ഇവയുടെ സ്ഥാനവും കുറ്റൂര്‍ അരവിന്ദ് ആസ്​പത്രിയിലെ ഡോക്ടറും അസോസിയേഷന്‍ ഓഫ് ആയുര്‍വേദ മെഡിസിന്‍ ജനറല്‍ സെക്രട്ടറിയുമായ ആര്‍.ജയകൃഷ്ണന്‍ വിശദീകരിച്ചു. കുട്ടികളുടെയും രക്ഷിതാക്കളുടെയും സംശയങ്ങള്‍ക്ക് ഇദ്ദേഹം മറുപടി നല്‍കി.
ഇരവിപേരൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എന്‍.രാജീവ് ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് പൊന്നമ്മ കേശവന്‍ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റര്‍ യു.ഷാജഹാന്‍, എന്‍.കെ.മധുസൂദനന്‍, സീഡ് കോ-ഓര്‍ഡിനേറ്റര്‍ ജോളിമോള്‍ ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.

Print this news