പ്ലാസ്റ്റിക് കുപ്പികള്‍ക്ക് വിട; ഇനി സീഡ്ക്ലബ്ബിന്റെ കുടിവെള്ള വിതരണം

Posted By : pkdadmin On 6th December 2014


 അലനല്ലൂര്‍: പ്ലാസ്റ്റിക്ക് കുപ്പികളില്‍ തിളപ്പിച്ച വെള്ളം സ്‌കൂളില്‍ കൊണ്ടുവരുന്നതിനെതിരെയുള്ള ബോധവത്കരണ പരിപാടിയുടെ ഭാഗമായി പയ്യനെടം എ.യു.പി. സ്‌കൂളിലെ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ വിദ്യാലയത്തിലെ മുഴുവന്‍ കുട്ടികള്‍ക്കും കുടിക്കാനായി തിളപ്പിച്ചാറിയ കുടിവെള്ളവിതരണ പദ്ധതി തുടങ്ങി.
പ്ലാസ്റ്റിക്ക് കുപ്പികളില്‍ ചൂടുള്ളവെള്ളം ശേഖരിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്ന തിരിച്ചറിവും പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ ഉപയോഗം കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയുമാണ് പദ്ധതി തുടങ്ങിയത്.
ദിവസവും നേരത്തെ വിദ്യാലയത്തിലെത്തുന്ന സീഡ് അംഗങ്ങള്‍ പദ്ധതിയുെട ഭാഗമായി ഉച്ചഭക്ഷണം തയ്യാറാക്കുന്ന ജീവനക്കാരുടെ സഹായത്തോടെ ചുക്കുവെള്ളം തയ്യാറാക്കി വിദ്യാലത്തിന്റെ വരാന്തകളില്‍ പ്രത്യേകം സജ്ജമാക്കിയ കേന്ദ്രങ്ങളില്‍ കുടിവെള്ളമെത്തിച്ച് വിതരണം ചെയ്യുന്നുണ്ട്.
വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും വീടുകളില്‍നിന്ന് കുടിവെള്ളം ചുമന്നുകൊണ്ട് വരേണ്ട എന്ന ആശ്വസവുംകൂടിയുണ്ട്.
പ്രധാനാധ്യാപിക കെ.എ. രാധിക, സീഡ് കോ-ഓര്‍ഡിനേറ്റര്‍ മഠത്തൊടി ഹംസ, സീഡ് ക്ലബ്ബ് അംഗങ്ങളായ ഷനൂബ് റയീസ് പി., എം.കെ. മുഹമ്മദ് ഷിബിലി, ഒ.പി. ഷനൂബ്, ഒ.പി. മുഹമ്മദ് അഫ്‌നാന്‍ എന്നിവര്‍ നേതൃത്വംനല്‍കി.

Print this news