മലപ്പുറം നഗരസഭാപരിധിയിലെ മരങ്ങള്‍ സംരക്ഷിക്കുമെന്ന് അധികൃതര്‍

Posted By : mlpadmin On 5th December 2014


 മലപ്പുറം : ആണിയടിച്ചും കമ്പികൊണ്ട് കെട്ടിവരിഞ്ഞും പീഡനമേറ്റുകൊണ്ടിരിക്കുന്ന തണല്‍മരങ്ങള്‍ക്ക് ആശ്വാസമേകാന്‍ മാതൃഭൂമി 'സീഡി'ന്റെ കുട്ടിക്കൂട്ടം. 

മരങ്ങളില്‍ ആണിയടിച്ച് പരസ്യം ചെയ്യരുതെന്ന് കോടതി ഉത്തരവുണ്ടെങ്കിലും ഇത് ആരും പരിഗണിക്കാറില്ല. 'സീഡി'ന്റെ പ്രവര്‍ത്തകര്‍ ജില്ലയിലെ മിക്ക പഞ്ചായത്തുകളിലും സര്‍വ്വേ നടത്തുകയും ഇതുസംബന്ധിച്ച് പഞ്ചായത്തുകള്‍ക്കും നഗരസഭകള്‍ക്കും നിവേദനം നല്‍കുകയും ചെയ്തിരുന്നു. 
എന്നാല്‍ അധികാരികള്‍  ഇതു തിരിഞ്ഞുനോക്കിയിട്ടില്ല. എന്നാല്‍ മലപ്പുറം നഗരസഭയില്‍ ഇതുസംബന്ധിച്ച് നിവേദനം നല്‍കിയപ്പോള്‍ അനുകൂലമായ മറുപടി കിട്ടി.
 നഗരസഭാപരിധിയിലുള്ള മരങ്ങളില്‍ ആണിയടിച്ചും കമ്പികൊണ്ട് കെട്ടിയും സ്ഥാപിച്ച പരസ്യങ്ങള്‍ ഒഴിവാക്കാന്‍ പൂര്‍ണ പിന്തുണ നല്‍കാമെന്ന് ചെയര്‍മാന്‍ കെ.പി.എം. മുസ്തഫ അറിയിച്ചു. 
ഇതിന്റെ തുടക്കമായി മലപ്പുറം കോട്ടപ്പടി ബസ് സ്റ്റോപ്പിനു സമീപത്തെ കൂറ്റന്‍ ആല്‍മരത്തില്‍ ആണിയടിച്ച് കയറ്റിയതും കമ്പിയിട്ട് കെട്ടിയതുമായ  ഫ്‌ളക്‌സ് ബോര്‍ഡുകളും പരസ്യങ്ങളും മലപ്പുറം എം.എസ്.പി സ്‌കൂളിലെ സീഡിന്റെ വിദ്യാര്‍ത്ഥികളോടൊപ്പം അദ്ദേഹം എടുത്തുമാറ്റി.
അടുത്തദിവസം മുതല്‍ നഗരസഭയിലെ ജീവനക്കാരെ ഉപയോഗിച്ച് മരങ്ങളിലെ പരസ്യങ്ങള്‍ നീക്കം ചെയ്യുമെന്നും ചെയര്‍മാന്‍ കുട്ടികള്‍ക്ക് ഉറപ്പ് നല്‍കി. 
മരങ്ങളില്‍ ബാനറുകളോ പരസ്യഫലകങ്ങളോ ഫ്‌ളക്‌സ് ബോര്‍ഡുകളോ സ്ഥാപിക്കാന്‍ പാടില്ലെന്ന് പ്രസ്താവിച്ച് പ്രിന്‍സിപ്പല്‍ സെക്രട്ടറി 75667/ ആര്‍.സി.2/2013/എല്‍.എസ്.ജി.ഡി എന്ന ഉത്തരവ് പ്രകാരം തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. മലപ്പുറത്ത് മിക്കയിടത്തും മരങ്ങളില്‍ ആണിയടിച്ചിട്ടുണ്ടെന്ന് സര്‍വ്വേയില്‍ കണ്ടെത്തിയിട്ടുണ്ടെന്ന് എം.എസ്.പി.യിലെ വിദ്യാര്‍ത്ഥികളായ വി.അഭിജിത്ത്, എ.പി. മേഘ, പി.എം.ഭവ്യലക്ഷ്മി, പി.അനുരാഗ്, പി ഷാറൂണ്‍ തുടങ്ങിയവര്‍ പറഞ്ഞു.
വരുംദിവസങ്ങളില്‍ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ കഴിയാവുന്നത്ര മരങ്ങളില്‍നിന്ന് പരസ്യങ്ങള്‍ നീക്കം ചെയ്യും. സീഡ് എക്‌സിക്യൂട്ടീവ് യു.സി. അനുരാജ്, എം.എസ്.പി. സ്‌കൂളിലെ അധ്യാപിക രാജശ്രീ തുടങ്ങിയവരും ചടങ്ങില്‍ സംബന്ധിച്ചു.
 
 

Print this news