ചാരുംമൂട്: താമരക്കുളം വി.വി.എച്ച്.എസ്.എസ്സില്‍ ജൈവകൃഷിത്തോട്ടം പദ്ധതി തുടങ്ങി. ആലപ്പുഴ സോഷ്യല്‍ ഫോറസ്ട്രി അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ കെ.ജി. രാജന്‍ സ്കൂള്‍വളപ്പില്‍ വാഴത്തൈ നട്ട് ഉദ്ഘാടനം ചെയ്തു. "മാതൃഭൂമി' തളിര് സീഡ് നേച്ചര്‍ക്ലബ്ബിന്റെ ഉദ്ഘാടനം താമരക്കുളം കൃഷി ഓഫീസര്‍ കെ.ജി. അശോക് കുമാര്‍ നിര്‍വഹിച്ചു. പി.ടി.എ. പ്രസിഡന്റ് എസ്. മധുകുമാര്‍ അധ്യക്ഷനായി. ഹെഡ്മിസ്ട്രസ് എസ്. ശ്രീദേവിയമ്മ, പ്രിന്‍സിപ്പല്‍ ജിജി എച്ച്. നായര്‍, ഡെപ്യൂട്ടി ഹെഡ്മാസ്റ്റര്‍ പി. ശശിധരന്‍ നായര്‍, സ്റ്റാഫ് സെക്രട്ടറി എ.എന്‍. ശിവപ്രസാദ്, സീഡ് കോ ഓര്‍ഡിനേറ്റര്‍ എല്‍. സുഗതന്‍, എന്‍. രാധാകൃഷ്ണപിള്ള, എസ്. മാലിനി, സജി കെ. വര്‍ഗീസ്, റാഫി രാമനാഥ്, പി.ടി.എ. വൈസ് പ്രസിഡന്റ് അബ്ദുള്‍ ലത്തീഫ് എന്നിവര്‍ പ്രസംഗിച്ചു. സ്കൂള്‍ വളപ്പിലെ 50 സെന്റ് സ്ഥലത്താണ് ജൈവകൃഷി തുടങ്ങിയത്. വാഴകള്‍, ചേമ്പ്, ചേന, കാച്ചില്‍, ഇഞ്ചി, ചീര, മരച്ചീനി തുടങ്ങിയവയാണ് കൃഷി. ജൈവകീടനാശിനി നിര്‍മാണ പരിശീലനം കൃഷിഭവന്റെ നേതൃത്വത്തില്‍ സീഡ് അംഗങ്ങള്‍ക്ക് നല്‍കും. ആലപ്പുഴ സോഷ്യല്‍ ഫോറസ്ട്രിയുടെ സഹായത്തോടെ സ്കൂള്‍ വളപ്പില്‍ മണ്ണിരകമ്പോസ്റ്റ് നിര്‍മിക്കും. തളിര് സീഡ് കോ ഓര്‍ഡിനേറ്റര്‍ എല്‍. സുഗതന്റെ നേതൃത്വത്തില്‍ 100 സീഡ് പ്രവര്‍ത്തകരാണ് കൃഷിത്തോട്ടം നടത്തുന്നത്. സ്കൂളില്‍ ഉത്പാദിപ്പിക്കുന്ന കാര്‍ഷികവിഭവങ്ങള്‍ ഉച്ചഭക്ഷണത്തിനായി ഉപയോഗിക്കാനാണ് തീരുമാനം.