വണ്ടന്മേട്: കൃഷിവകുപ്പിന്റെ സഹകരണത്തോടെ 'മാതൃഭൂമി സീഡ്' സ്‌കൂളുകളില്‍ നടത്തുന്ന പച്ചക്കറിവിത്ത് വിതരണത്തിന് കട്ടപ്പന വിദ്യാഭ്യാസ ജില്ലയിലും ആവേശകരമായ സ്വീകരണം. കുഞ്ഞുകൈകള്‍ പച്ചക്കറിവിത്തുകള്‍ ആഹ്ലാദത്തോടെ ഏറ്റുവാങ്ങി. വണ്ടന്മേട് എം.ഇ.എസ്.എച്ച്.എസ്.എസ്സില്‍ നടന്ന കട്ടപ്പന വിദ്യാഭ്യാസ ജില്ലാതല ഉദ്ഘാടനം കട്ടപ്പന ഡി.ഇ.ഒ. ഷെല്ലി ജോര്‍ജ്ജ് നിര്‍വഹിച്ചു. 'വിളവില്‍ പാതി നോട്ടം' എന്നാണ് പഴമക്കാര്‍ പറയുന്നതെന്നും എല്ലാ വിദ്യാലയങ്ങളും തങ്ങളെക്കൊണ്ടാവുന്ന രീതിയില്‍ പച്ചക്കറിക്കൃഷി ചെയ്യണമെന്നും അദ്ദേഹം ഉദ്ഘാടനപ്രസംഗത്തില്‍ പറഞ്ഞു. സ്‌കൂള്‍ ഹെഡ്മിസ്ട്രസ് മായ വസുന്ധരാദേവി അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഉപ്പുതറ കൃഷി അസിസ്റ്റന്റ് അനീഷ് എ. മുഖ്യപ്രഭാഷണം നടത്തി. സീഡ് ഇടുക്കി ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ കെ.കെ. അജിത്, വണ്ടന്മേട് കൃഷി അസിസ്റ്റന്റ് ആഷിഷ എന്നിവര്‍ സംബന്ധിച്ചു. മാതൃഭൂമി അസി. സെയില്‍സ് ഓര്‍ഗ്ഗനൈസര്‍ കെ.സതീഷ് സ്വാഗതവും സ്‌കൂളിലെ സീഡ് ടീച്ചര്‍ കോ-ഓര്‍ഡിനേറ്റര്‍ സൈനബ ബീവി നന്ദിയും പറഞ്ഞു. തുടര്‍ന്ന് കുട്ടികള്‍ക്ക് പച്ചക്കറിവിത്തുകള്‍ വിതരണംചെയ്തു. സ്‌കൂളിലെ അരയേക്കര്‍ സ്ഥലത്ത് മഴമറ കൃഷി ആരംഭിച്ചു. 'കുടുംബകൃഷി' എന്ന വിഷയത്തില്‍ ഉപ്പുതറ കൃഷി അസിസ്റ്റന്റ് അനീഷ് എ. ക്ലൂസ് നയിച്ചു. കട്ടപ്പന വിദ്യാഭ്യാസ ജില്ലയിലെ സീഡ് ടീച്ചര്‍ കോ-ഓര്‍ഡിനേറ്റര്‍മാര്‍ക്ക് കട്ടപ്പന ഓഫീസില്‍നിന്ന് സൗജന്യമായി പച്ചക്കറിവിത്തുകള്‍ കൈപ്പറ്റാവുന്നതാണ്. ഫോണ്‍: സതീഷ്: 9895203694.