കൂത്തുപറമ്പ് : കുറുമ്പുക്കല്‍ ഗ്രാമത്തിലെ കുളങ്ങള്‍ സംരക്ഷിക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കൂത്തുപറമ്പ് ഹൈസ്‌കൂളിലെ സീഡംഗങ്ങള്‍ മന്ത്രി കെ.പി.മോഹനന് നിവേദനം നല്‍കി. ഇതേത്തുടര്‍ന്ന് കുളങ്ങളുടെ കണക്കെടുപ്പ് തുടങ്ങി.
തിരുവനന്തപുരം മണ്ണ് പര്യവേഷണ സംരക്ഷണ വകുപ്പിന്റെ നിര്‍ദേശത്തില്‍ ജില്ലാ മണ്ണ് പര്യവേഷണ സംരക്ഷണ വകുപ്പാണ് പ്രാഥമിക സര്‍വേ നടത്താന്‍ സ്ഥലത്തെത്തിയത്. തലശ്ശേരി സോയില്‍ കണ്‍സര്‍വേറ്റര്‍ ഓഫീസര്‍ പി.എം.അരുണ്‍കുമാറും ഓവര്‍സിയര്‍മാരായ സി.പി.ഹരിദാസ്, മുജീബ് റഹ്മാന്‍, കെ.കെ.രാജേഷ്, വി.കെ.ബിജു എന്നിവരാണ് സര്‍വേ സംഘത്തിലുളള്ളത്. നിര്‍മലഗിരി 11ാം മൈലിലെ ചാത്തന്‍കുളം മുതല്‍ 52 കുളങ്ങളുടെ സര്‍വേസംഘം ഒന്നാം ഘട്ടത്തില്‍ പൂര്‍ത്തിയാക്കി.
മാങ്ങാട്ടിടം ഗ്രാമപ്പഞ്ചായത്തിന്റെയും കൂത്തുപറമ്പ് നഗരസഭയുടെയും അതിര്‍ത്തി പങ്കിടുന്ന ഇവിടെ വലുതും ചെറുതുമായി 90ഓളം കുളങ്ങള്‍ നിലനില്‍ക്കുന്നതായി സീഡംഗങ്ങള്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. മറ്റൊരു പ്രദേശത്തും കാണാത്ത ഇത്രയും കുളങ്ങള്‍ സംരക്ഷിക്കാന്‍ സാധിച്ചാല്‍ പ്രദേശത്തെ വരള്‍ച്ചയെ തടയാനും കാര്‍ഷികമേഖലയെ അഭിവൃദ്ധിപ്പെടുത്താനും കഴിയുമെന്ന് വിദ്യാര്‍ഥികള്‍ നിവേദനത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. സംസ്ഥാന സര്‍ക്കാറിന്റെ സഹസ്രസരോവര്‍ പദ്ധതിപോലുള്ള ഏതെങ്കിലും പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുളങ്ങളെ സംരക്ഷിക്കാന്‍ നടപടി ഉണ്ടാവണമെന്നും ആവശ്യപ്പെട്ടിരുന്നു.
മധു നിര്‍മലഗിരി, സീഡ് കണ്‍വീനര്‍ കുന്നുമ്പ്രോന്‍ രാജന്‍, വിദ്യാര്‍ഥികളായ ആര്‍ഷ, അഖിലേഷ്, അസറുദ്ദീന്‍, ദിസ്‌ന ദിനേശ്, അമൃത തുടങ്ങിയവരും സര്‍വേയില്‍ പങ്കെടുത്തു.