വിഷമുക്ത പച്ചക്കറികള്‍ വിളയിക്കുമെന്ന പ്രതിജ്ഞയോടെ സീഡംഗങ്ങള്‍ വിത്ത്പായ്ക്കറ്റ് ഏറ്റുവാങ്ങി

Posted By : knradmin On 2nd December 2014


 

 
കൂത്തുപറമ്പ്: വീട്ടുവളപ്പിലും മട്ടുപ്പാവിലും വിഷമുക്ത പച്ചക്കറികള്‍ വിളയിച്ചെടുക്കാമെന്ന പ്രതിജ്ഞയോടെ കൂത്തുപറമ്പ് ബി.ഇ.എം. യു.പി. സ്‌കൂളിലെ കുരുന്നുകള്‍ പച്ചക്കറിവിത്ത് പായ്ക്കറ്റുകള്‍ സ്വീകരിച്ചു.മാതൃഭൂമി സീഡ് സംസ്ഥാന കൃഷിവകുപ്പുമായി ചേര്‍ന്ന് ഫെഡറല്‍ ബാങ്കിന്റെ സഹകരണത്തോടെ നടത്തുന്ന പച്ചക്കറിവിത്ത് വിതരണപദ്ധതിയുടെ തലശ്ശേരി വിദ്യാഭ്യാസ ജില്ലാതല ഉദ്ഘാടനമാണ് സ്‌കൂളില്‍ നടന്നത്. ലഭിച്ച വിത്തുപായ്ക്കറ്റുകളിലൊന്നുപോലും പാഴാക്കില്ലെന്ന വിദ്യാര്‍ഥികളുടെ പ്രഖ്യാപനം സദസ്സ് കരഘോഷത്തോടെ സ്വീകരിച്ചു.
 കണ്ണൂര്‍ അഗ്രിക്കള്‍ച്ചറല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ കെ.കെ.സോജന്‍ സ്‌കൂള്‍ലീഡര്‍ സാഞ്ജസ് മോഹന് വിത്ത്പായ്ക്കറ്റ് നല്കി വിത്തുവിതരണപദ്ധതി ഉദ്ഘാടനം ചെയ്തു.
സ്വന്തം ആവശ്യത്തിന് പച്ചക്കറിക്കൃഷി ചെയ്യാന്‍ ഏവരും തയ്യാറാകണമെന്ന് അദ്ദേഹം പറഞ്ഞു. പൂച്ചെടി നട്ടുണ്ടാക്കാനെടുക്കുന്ന താത്പര്യം പച്ചക്കറിക്കൃഷി നടത്താനും വിദ്യാര്‍ഥികള്‍ കാട്ടണം. വിഷമുക്ത പച്ചക്കറിക്കൃഷിനടത്താന്‍ മാതൃഭൂമി സ്വീകരിക്കുന്ന വഴികള്‍ അഭിനന്ദനാര്‍ഹമാണെന്നും സോജന്‍ പറഞ്ഞു.
സ്‌കൂള്‍ പ്രഥമാധ്യാപിക എം.മധുമതി അധ്യക്ഷയായിരുന്നു. മാതൃഭൂമി ന്യൂസ്എഡിറ്റര്‍ കെ.വിേനാദ് ചന്ദ്രന്‍, യൂണിറ്റ് മാനേജര്‍ ജോബി.പി.പൗലോസ്, ഫെഡറല്‍ ബാങ്ക് കൂത്തുപറമ്പ് ബ്രാഞ്ച് മാനേജര്‍ ഡെന്നിസ്, സ്‌കൂള്‍ പി.ടി.എ. പ്രസിഡന്റ് സുനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു. സഞ്ജന അനില്‍കുമാര്‍ സ്വാഗതവും സീഡ് കോ ഓഡിനേറ്റര്‍ ടി.കെ.വിശാല്‍കുമാര്‍ നന്ദിയും പറഞ്ഞു.
 
 

Print this news