കലോത്സവം വിജയിപ്പിക്കാന്‍ സീഡ് ക്ലബ് അംഗങ്ങള്‍

Posted By : knradmin On 2nd December 2014


 

 
 
പെരുമ്പടവ്: ചപ്പാരപ്പടവ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുന്ന തളിപ്പറമ്പ് നോര്‍ത്ത് ഉപജില്ലാ സ്‌കൂള്‍ കലോത്സവം വിജയിപ്പിക്കുന്നതിന് സീഡ് ക്ലബ് അംഗങ്ങള്‍ രംഗത്ത്. 'ഹരിതം, സുന്ദരം, മാലിന്യമുക്തം എന്റെ വിദ്യാലയം' എന്ന സന്ദേശം കലോത്സവത്തിനായി എത്തിച്ചേര്‍ന്നവരിലേക്ക് പ്രചരിപ്പിച്ച് സീഡ് ക്ലബ്ബിലെ 75 വിദ്യാര്‍ഥികള്‍ 15 ഗ്രൂപ്പുകളായി തിരിഞ്ഞ് കലോത്സവവേദികളും ക്ലാസ് മുറികളും സ്‌കൂള്‍ പരിസരവും കലോത്സവ ദിവസങ്ങളില്‍ മാലിന്യരഹിതമാക്കി സൂക്ഷിക്കുകയാണ്. 
മത്സരങ്ങളില്‍ പങ്കെടുക്കാനെത്തുന്ന വിദ്യാര്‍ഥികള്‍ക്ക് ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങളും സഹായവും നല്കുന്നതിന് സീഡ് രംഗത്തുണ്ട്. സ്‌കൂള്‍ പരിസരത്ത് തങ്ങള്‍ നട്ടുവളര്‍ത്തിയ 150ഓളം ഔഷധസസ്യങ്ങളെക്കുറിച്ചും തണല്‍ മരങ്ങളെക്കുറിച്ചും സന്ദര്‍ശകര്‍ക്ക് വിവരങ്ങള്‍ നല്കുന്നു. കൊടുംചൂടില്‍ ഈ തണല്‍ മരങ്ങള്‍ വലിയ ആശ്വാസമായതായി പലരും പറഞ്ഞു. പരിസ്ഥിതി പഠനത്തിന്റെ ഭാഗമായി ക്ലബ് അംഗങ്ങള്‍ സന്ദര്‍ശിച്ച കാടുകളെക്കുറിച്ചുള്ള വിവരങ്ങള്‍ കലോത്സവ സുവനീറില്‍ ലേഖനമായും ചേര്‍ത്തു. കലോത്സവം വിജയിപ്പിക്കുന്നതിനും പരിസ്ഥിതി സന്ദേശം പ്രചരിപ്പിക്കുന്നതിനും സീഡ് പരിസ്ഥിതി ക്ലബ് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്ന് പ്രഥമാധ്യാപിക കെ.ജ്യോത്സ്‌ന അഭിപ്രായപ്പെട്ടു. സീഡ് കോ ഓര്‍ഡിനേറ്റര്‍ ലൂക്ക് പറത്താനമാണ് പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്.
 
 

Print this news