ആനക്കര: പരിസ്ഥിതിസംരക്ഷണത്തിന്റെ പുതുവഴികളിലൂടെ വേറിട്ട് നടക്കുകയാണ് മലമല്‍ക്കാവ് എ.യു.പി. സ്‌കൂള്‍. ജൈവവൈവിധ്യത്താല്‍ സമ്പന്നമായ മലമല്‍ക്കാവ് ഗ്രാമം കല്ലുവെട്ടിന്റെയും മണ്ണെടുപ്പിന്റെയും കേന്ദ്രമായി മാറിയതോടെയാണ് ജീവിക്കാനുള്ള അവകാശത്തിനായി കുട്ടികളും അധ്യാപകരും നാട്ടുകാരുമായി ചേര്‍ന്ന് രംഗത്തിറങ്ങിയത്.
മരത്തൈകള്‍ വെച്ചുപിടിപ്പിച്ചുകൊണ്ടായിരുന്നു തുടക്കം. വിദ്യാലയാങ്കണത്തിലും ഗ്രാമത്തിലെ വിവിധ വീടുകളിലും തണല്‍മരങ്ങളും ഫലവൃക്ഷങ്ങളും നട്ടുപിടിപ്പിച്ച് കുട്ടികള്‍ മാതൃകയായി. അപൂര്‍വവൃക്ഷങ്ങളുടെയും പക്ഷികളുടെയും വാസസ്ഥാനമായ താലപ്പൊലി പാലക്കുന്നിന്റെ നാശത്തിനെതിരെ കുട്ടികള്‍ ജനങ്ങളെ ബോധവത്കരിച്ചു. പച്ചക്കറിയും വാഴയും കുട്ടികള്‍തന്നെ കൃഷി ചെയ്യുന്ന സാഹചര്യമുണ്ടാക്കി.
പ്ലാസ്റ്റിക്കിനെതിരെയുള്ള പ്രതിരോധം, ജൈവപച്ചക്കറിക്കൃഷി തുടങ്ങിയ മേഖലകളില്‍ വിദ്യാലയം ഏറെദൂരം മുന്നോട്ടുപോയി. കാര്‍ഷികകോളേജിലും പറമ്പിക്കുളം, സൈലന്റ് വാലി പോലുള്ള പരിസ്ഥിതിപ്രാധാന്യമുള്ള സ്ഥലങ്ങളിലും കുട്ടികളെ എത്തിച്ച് ക്ലാസുകള്‍ നല്‍കി. ഇപ്പോള്‍ മലമല്‍ക്കാവ് ചോലകളുടെ രക്ഷകരായി കുട്ടികളും അധ്യാപകരും രംഗത്തിറങ്ങിയിട്ടുണ്ട്.