ചേര്‍ത്തല: സംസ്ഥാനത്തുതന്നെ ആദ്യമായി പഞ്ചായത്തുതല ജനകീയ ഇമാലിന്യ സംഭരണത്തിന് കടക്കരപ്പള്ളിയില്‍ തുടക്കമായി. കടക്കരപ്പള്ളി ഗ്രാമപ്പഞ്ചായത്തും കുടുംബശ്രീമിഷനും കടക്കരപ്പള്ളി ഗവ. യു.പി.ജി. സ്‌കൂളിലെ മാതൃഭൂമി സീഡ്ക്ലബ്ബും ചേര്‍ന്നാണ് പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുന്നത്.
പഞ്ചായത്തുതലത്തിലും 14 വാര്‍ഡുകളിലും പ്രത്യേക കര്‍മ്മസമിതികള്‍ക്ക് രൂപം നല്കിയാണ് ഇമാലിന്യവും പ്ലാസ്റ്റിക്കും ശേഖരിക്കുന്നത്. ശേഖരിക്കുന്ന ഇമാലിന്യവും പ്ലാസ്റ്റിക്കും ക്ലീന്‍ കേരളാ കമ്പനിക്കു കൈമാറുമെന്ന് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ആഘോഷ് കുമാര്‍, മാതൃഭൂമി സീഡ് ഇവേസ്റ്റ് കമ്മിറ്റി കോഓര്‍ഡിനേറ്റര്‍ ഡോ. പ്രേംകുമാര്‍, ഹെഡ്മിസ്ട്രസ് എന്‍.സി. മിനി, സീഡ് കോര്‍ഡിനേറ്റര്‍ കെ.ടി. മോളി എന്നിവര്‍ പറഞ്ഞു.പഴകിയ ഇലക്ട്രോണിക്ക് ഉപകരണങ്ങളും, മൊബൈല്‍ ഫോണുകളും, ഉപയോഗശൂന്യമായ സി.എഫ്.എല്‍. ബള്‍ബുകളും കമ്പ്യൂട്ടറുകളും പരിസ്ഥിതിക്ക് വന്‍ ആഘാതം സൃഷ്ടിക്കുമെന്നാണ് പഠനങ്ങളില്‍ തെളിഞ്ഞിരിക്കുന്നത്. ഇതില്‍നിന്നുള്ള മെര്‍ക്കുറി, ലെഡ്, കാഡ്മിയം, ആഴ്‌സനിക്ക് തുടങ്ങിയ മൂലകങ്ങളുടെ ആധിക്യം കാന്‍സര്‍, വൃക്ക, വിഷാദരോഗങ്ങള്‍ എന്നിവയ്ക്ക് കാരണമാകും. ഇവ മണ്ണിലേക്കും, ജലാശയങ്ങളിലേക്കും ഇറങ്ങി കാലങ്ങളോളം മാലിന്യമാക്കികൊണ്ടിരിക്കും.
ഈ തിരിച്ചറിവോടെയാണ് മാതൃഭൂമി സീഡ്ക്ലബ്ബും, പഞ്ചായത്തും ഇമാലിന്യ നിര്‍മ്മാര്‍ജ്ജനത്തിനായി രംഗത്തിറങ്ങിയിരിക്കുന്നത്. പ്രശസ്ത കാന്‍സര്‍രോഗ വിദഗ്ധന്‍ ഡോ.വി.പി. ഗംഗാധരന് പദ്ധതി ഉദ്ഘാടനം ചെയ്തു. കുമരകം കാര്‍ഷിക ഗവേഷണ കേന്ദ്രം മുന്‍ ഡയറക്ടര്‍ ഡോ.കെ.ജി. പദ്മകുമാര്‍ അടക്കമുള്ളവരാണ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്കുന്നത്.
കടക്കരപ്പള്ളി കൊട്ടാരം യു.പി.ജി. സ്‌കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബും കടക്കരപ്പള്ളി ഗ്രാമപ്പഞ്ചായത്തും ചേര്‍ന്നുള്ള ജനകീയ ഇമാലിന്യശേഖരണ പദ്ധതി കാന്‍സര്‍രോഗ വിദഗ്ധന്‍
ഡോ.വി.പി. ഗംഗാധരന്‍ ഉദ്ഘാടനം ചെയ്യുന്നു