പള്ളിക്കത്തോട്: ദേശീയ പക്ഷിനിരീക്ഷണദിനത്തിൽ പള്ളിക്കത്തോട് അരവിന്ദ വിദ്യാമന്ദിറിലെ 'സീഡ്' കൂട്ടുകാർ പക്ഷിനിരീക്ഷണത്തിനിറങ്ങി. സ്‌കൂളിലെ ഇക്കോ ക്ലബ്ബിന്റെ സഹകരണത്തോടെയായിരുന്നു പക്ഷിനിരീക്ഷണം.
പക്ഷിനിരീക്ഷണത്തിന് വേണ്ട നിർദ്ദേശങ്ങൾ സ്‌കൂൾ പ്രിൻസിപ്പൽ കവിത ആർ.സി. നൽകി. സ്‌കൂൾ ഹെഡ്‌ഗേൾ കീർത്തി എ.നായർ, 'ഇന്ത്യയുടെ പക്ഷിമനുഷ്യൻ' എന്ന പേരിൽ പ്രശസ്തനായ ഡോ. സലിം അലിയുടെ പ്രധാന കൃതികളെക്കുറിച്ചും ലഭിച്ച അവാർഡുകളെക്കുറിച്ചും ദേശീയ പക്ഷിനിരീക്ഷണദിനാചരണത്തെക്കുറിച്ചും സലിം അലിയുടെ ജീവചരിത്രത്തിന്റെ സംക്ഷിപ്തരൂപവും സ്‌കൂളിലെ മുഴുവൻ കുട്ടികൾക്കുമായി അവതരിപ്പിച്ചു.
സീഡ് ഇൻ ചാർജ് ഓമനകുമാരി, ഇക്കോ ക്ലബ്ബ് ഇൻ ചാർജ് താരാഭായി, അധ്യാപികയായ അഞ്ജു തോമസ് എന്നിവരുടെ നേതൃത്വത്തിൽ 70 വിദ്യാർഥികളടങ്ങിയ സംഘം പക്ഷിനിരീക്ഷണത്തിനായി യാത്ര പുറപ്പെട്ടു.