കാസര്‌കോട്: വര്ഷങ്ങളായി ഇരുട്ടുപടര്ന്ന വീട്ടില് മാതൃഭൂമി സീഡിന്റെ പ്രവര്ത്തനത്തിന്റെ ഫലമായി വൈദ്യുതവെളിച്ചമെത്തി. കാസര്‌കോട് ഗവ. ഹയര് സെക്കന്‍ഡറി സ്‌കൂള് വിദ്യാര്ഥികളും നെലക്കള കോളനിയിലെ സഞ്ജീവയുടെയും ഉഷയുടെയും മക്കളുമായ മനുവിന്റെയും പ്രസന്നയുടെയും വീട്ടിലാണ് സീഡ് ക്ലബ്ബിന്റെ 'കാരുണ്യസ്പര്ശം' വെളിച്ചമായി എത്തിയത്.
അയല്വീടുകളിലെല്ലാം വൈദ്യുതി കിട്ടിയെങ്കിലും മനുവിന്റെയും പ്രസന്നയുടെയും വീട് മാത്രം മണ്ണെണ്ണവിളക്കിന്റെ വെളിച്ചത്തിലാണ് കഴിഞ്ഞിരുന്നത്. സര്വീസ് വയര് വലിക്കാന് അയല്ക്കാര് സമ്മതിക്കാതിരുന്നതിനാലാണ് വീട്ടില് വൈദ്യുതി എത്താതിരുന്നത്. പ്രധഥമാധ്യാപിക എം.ബി.അനിതാഭായിയുടെ നേതൃത്വത്തില് വൈദ്യുതിയില്ലാത്ത വീടുകളില്‌നിന്നുള്ള കുട്ടികളുടെ കണക്കെടുത്തപ്പോഴാണ് ഇക്കാര്യം പുറത്തറിഞ്ഞത്.
സീഡ് കോഓര്‍ഡിനേറ്റര് പി.ടി.ഉഷയുടെ നേതൃത്വത്തിലുള്ള സ്‌കൂള് അധികൃതര് അയല്ക്കാരുമായി ചര്ച്ചനടത്തിയെങ്കിലും വയര് വലിക്കാന് അവര് അനുമതി നല്കിയില്ല. ഒടുവില് പ്രശ്‌നം വൈദ്യുതിവകുപ്പ് അധികൃതരുടെ മുന്നിലെത്തി. അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്ജിനീയര് നാഗരാജ ഭട്ടും സെക്ഷന് സബ് എന്ജിനീയര് ഷാഹുല് ഹമീദും സര്ക്കിള് നോഡല് ഓഫീസര് കെ.കെ.വിനോദ്കുമാറും മുന്‌കൈയെടുത്ത് പുതിയ തൂണ് ഇട്ടാണ് വീട്ടിലേക്ക് കണക്ഷന് നല്കിയിരിക്കുന്നത്. സീനിയര് സിറ്റിസണ് ഫോറം ജില്ലാ നേതാവ് എം.പി.പോള്, ഹയര് സെക്കന്‍ഡറി സ്റ്റാഫ് സെക്രട്ടറി ഡൊമനിക് അഗസ്റ്റിന് എന്നിവരും വൈദ്യുതീകരണത്തിന് സഹായിച്ചു.