കൊടുമുണ്ട റെയില്‍വേ പ്ലാറ്റ്‌ഫോം സുന്ദരമാക്കാനായി കുട്ടിക്കൂട്ടായ്മ

Posted By : pkdadmin On 25th November 2014


 പട്ടാമ്പി: വൈകുന്നേരം സ്‌കൂള്‍വിട്ടശേഷം കൊടുമുണ്ട ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കുട്ടികള്‍ പോയത് സ്വന്തം വീടുകളിലേക്കല്ല. ശുചിത്വവാരാചരണത്തോടനുബന്ധിച്ച് സീഡ് പദ്ധതിയുടെ ഭാഗമായി റെയില്‍വേസ്റ്റേഷന്‍ പരിസരത്ത് വെച്ചുപിടിപ്പിച്ച പൂന്തോട്ടം പരിപാലിക്കാനായിരുന്നു. പൂന്തോട്ടം വൃത്തിയാക്കുന്നതിനിടെ പ്ലാറ്റ്‌ഫോമിലെ പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കാനും മറന്നില്ല. മഴയുടെ പിന്മാറ്റത്തോടെ വാടിത്തുടങ്ങിയ ചെടികള്‍ക്ക് അയല്‍വീടുകളില്‍നിന്ന് വെള്ളം ശേഖരിച്ച് നനയ്ക്കുകകൂടി ചെയ്താണ് കുട്ടികള്‍ പിരിഞ്ഞത്.
പി.ടി.എ. പ്രസിഡന്റ് കെ.എം. വാസുദേവന്‍, വൈസ് പ്രസിഡന്റ് കെ.ടി. ഹരിദാസന്‍, പ്രധാനാധ്യാപകന്‍ പി.പി. നരേന്ദ്രന്‍, സീഡ് കോ-ഓര്‍ഡിനേറ്റര്‍ എം. രതീഷ് എന്നിവര്‍ നേതൃത്വം നല്‍കി. സ്‌കൂള്‍ കോമ്പൗണ്ടില്‍ ക്ലാസടിസ്ഥാനത്തില്‍ പൂന്തോട്ടം നിര്‍മിക്കയും മികച്ച പൂന്തോട്ടത്തിന് പ്രതിമാസം സമ്മാനം നേടിയെടുക്കുകയും ചെയ്തവരാണ് പരിസ്ഥിതി പ്രവര്‍ത്തനം ഒരു കി.മീ. അകലെയുള്ള റെയില്‍വേസ്റ്റേഷനിലേക്കുകൂടി വ്യാപിപ്പിച്ചത്. സ്‌കൂള്‍ തോട്ടത്തില്‍ കുട്ടികള്‍ക്കാവശ്യമായ പച്ചക്കറികൂടി ഉണ്ടാക്കലാണ് ഈ പരിസ്ഥിതിസ്‌നേഹികളുടെ അടുത്ത ലക്ഷ്യം.

Print this news