സേനാപതി: 'ആട് ഒരു ഭീകരജീവിയാണ്' എന്ന സിനിമയുടെ ഷൂട്ടിങ് സേനാപതിക്കാര്‍ക്ക് നല്‍കിയത് വ്യത്യസ്തങ്ങളായ കാഴ്ചകളാണ്. സേനാപതി മാര്‍ബേസില്‍ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ സീഡ് ക്ലൂബ്ബിലെ കൂട്ടുകാര്‍ക്കാകട്ടെ ഷൂട്ടിങ് അടുക്കളത്തോട്ടവുമായി ബന്ധപ്പെട്ട ഓര്‍മ്മകളാണ് സമ്മാനിച്ചത്. കാരണം 'ആട് ഒരു ഭീകരജീവിയാണ്' എന്ന സിനിമയുടെ സൈറ്റില്‍നിന്നാണ് സിനിമാനടന്‍ സൈജുകുറുപ്പും ഹാസ്യനടന്‍ ധര്‍മ്മജനും ഇവരുടെ കൃഷിത്തോട്ടം ഉദ്ഘാടനം ചെയ്യാനെത്തിയത്. ജയസൂര്യ നായകനാകുന്ന ചിത്രത്തിന്റെ പ്രധാന ഭാഗങ്ങള്‍ സ്‌കൂളിലാണ് ചിത്രീകരിച്ചത്.
സ്‌കൂളിനുപിറകിലായാണ് അടുക്കളത്തോട്ടം നിര്‍മ്മിച്ചത്. പയര്‍, ചീര, വെണ്ട, കോളിഫ്ലവര്‍, വാഴ തുടങ്ങിയ വിവിധയിനം പച്ചക്കറികള്‍ കുട്ടികളുടെ തോട്ടത്തില്‍ ഉണ്ട്. കൂടുതല്‍ സ്ഥലത്തേക്ക് കൃഷി വ്യാപിപ്പിക്കാനാണ് തീരുമാനം. 'മമ്മൂട്ടിയുടെ മൈട്രീ ചലഞ്ചി'ന്റെ ഭാഗമായി വിവിധ മരങ്ങള്‍ സ്‌കൂളില്‍ കുട്ടികള്‍ നട്ടു. സ്‌കൂളില്‍ നല്ലൊരു ഔഷധസസ്യത്തോട്ടവും കുട്ടികള്‍ വച്ചുപിടിപ്പിച്ചിട്ടുണ്ട്.
സ്‌കൂളില്‍നടന്ന ചടങ്ങില്‍ ഹെഡ്മാസ്റ്റര്‍ അവറാച്ചന്‍, സ്റ്റാഫ് സെക്രട്ടറി മനോജ്, സീഡ് ക്ലൂബ്ബിലെ കുട്ടികള്‍ എന്നിവര്‍ സംബന്ധിച്ചു.